തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ താമര സമരം
മലപ്പുറം: മലപ്പുറം തിരുനാവായയിൽ സിൽവർ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങൾ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയിൽ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കർഷകർ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങൾ ധാരാളമുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ മേഖലയാണിത്. അത് വ്യക്തമാക്കുന്ന സമരമാണ് സിൽവർ ലൈനെതിരെ നാട്ടുകാർ നടത്തിയത്. താമര കർഷകരും നാട്ടുകാരും ചേർന്നാണ് പ്രതിഷേധം നടത്തിയത്.

‘കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന പ്രദേശമാണിത്. ചരിത്രമുറങ്ങുന്ന മണ്ണാണിത്, പുരാണമുറങ്ങുന്ന മണ്ണാണിത്. എല്ലാത്തിനും ഉപരി ഏറ്റവും കൂടുതൽ താമരവിരിയുന്ന മണ്ണാണിത്. നെൽപ്പാടങ്ങളോടൊപ്പം തന്നെ താമരപ്പൂവും ഇവിടെ വിരിയും. ഈ നെൽപ്പാടങ്ങളും താമരപ്പാടങ്ങളും നികത്തി സിൽവർ ലൈൻ വന്നാൽ പാടം നശിക്കുന്നത് മാത്രമല്ല ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. കൂടാതെ തിരുനാവായയ്‌ക്ക് പ്രശസ്തി നൽകുന്ന താമരപ്പാടങ്ങളും ഇല്ലാതാകുമെന്ന് സി.ആർ നീലകണ്ഠൻ പറഞ്ഞു.

‘താമരയെന്ന് കേൾക്കുമ്പോൾ പരിഹസിക്കുന്ന അംഗങ്ങളാണ് നിയമസഭയിലുള്ളത്. അവർക്ക് അത്രയെ അതിന്റെ പ്രാധാന്യമറിയൂ. താമരക്കായൽ എന്ന് അറിയപ്പെടുന്ന കേരളത്തിൽ ഒറ്റപ്രദേശമേയുള്ളൂ. കെ-റെയിൽ കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയാണ് കെ-റെയിൽ. താമരക്കായൽ സംരക്ഷിക്കണമെന്നും ഇവിടെ കെ-റെയിൽ വരാൻ അനുവദിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു.

കെ-റെയിലിനെതിരെ മലപ്പുറം തിരുന്നാവായയിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ സൗത്ത് പില്ലറിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം കൈവശപ്പെടുത്തി നാട്ടുകാർ ഓടിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി നാട്ടുകാർ എത്തിയത്. എന്നാൽ പദ്ധതിയിൽ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സർക്കാർ.