സോഷ്യൽ മീഡിയ വഴിയും, പോസ്റ്റർ ഒട്ടിച്ചും സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: സോഷ്യൽമീഡിയയിലൂടെയും പോസ്റ്റർ മുഖേനയും സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കുമരനെല്ലൂർ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

എടപ്പാൾ മുതൽ ആനക്കര വരെയുള്ള ഭാഗങ്ങളിലായി റോഡരികിലെ ചുവരുകളിലാണ് സമീപ പ്രദേശത്തെ സ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും, ഫോൺ നമ്പറും, ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് സ്ത്രീയും, ബന്ധുക്കളും പൊന്നാനി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പോസ്റ്റുകൾ പറിച്ചുകളയുകയും, സംഭവത്തിൽ സംശയാസ്പദമായ തരത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യുകയും ചെയ്തു.

ഈ യുവാവിൽ നിന്നാണ് പ്രതിയെക്കുറിച്ച് പൊലീസിന് മനസിലായത്. ചുവപ്പ് കളർ സ്‌കൂട്ടറിലെത്തിയ ഒരാൾ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ടെന്നും, വാഹനത്തിന്റെ നമ്പറിന്റെ സൂചനയും യുവാവ് നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി.തുടർന്നാണ് പാലക്കാട് കുമരനെല്ലൂർ അമേറ്റിക്കര സ്വദേശി തോട്ടുപുറത്ത് ടി.എസ് ശ്രീജിനെ അറസ്റ്റ് ചെയ്തത്.
മധ്യവയസ്‌കയായ സ്ത്രീയുടെ വീടിന് സമീപത്ത് ഇയാൾ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് തടസ്സം നിന്നുവെന്ന കാരണത്താലാണ് ഇത്തരമൊരു പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലിൽ നിന്ന് തന്നെയാണ് പോസ്റ്റർ തയ്യാറാക്കിയതെന്നും പൊലീസ് പറഞ്ഞു.
പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ എസ്‌ഐ കൃഷ്ണ ലാൽ, എഎസ്ഐ രാജേഷ്, എസ്.സി.പി.ഒമാരായ സമീർ , ഹരികൃഷ്ണൻ ,സി.പി.ഒ വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു