കൈക്കൂലിക്ക് കൂട്ടുനിന്നില്ല; മാനസിക പീഡനം സഹിക്കാതെ ജീവനക്കാരി ജീവനൊടുക്കി

കൽപ്പറ്റ: ഓഫീസിലെ കടുത്ത മാനസിക പീഡനത്തെത്തുടർന്ന് മാനന്തവാടി സബ് ആർ.ടി.ഒ. ഓഫീലെ ഭിന്നശേഷിക്കാരിയായ സീനിയർ ക്ലാർക്ക് ആത്മഹത്യ ചെയ്തു. എടവക എള്ളുമന്ദം പുളിയാർമറ്റത്തിൽ ആഗസ്തിയുടെയും ആലീസിന്റെയും മകൾ സിന്ധുവാണ് (42) ജീവനൊടുക്കിയത്. ഇവരെ വീട്ടിൽ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതയാണ്.

9 വർഷമായി മാനന്തവാടി സബ് ആർ.ടി.ഒ ഓഫീസിൽ ജീവനക്കാരിയാണ്. ഓഫീസിലെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് സിന്ധു ആത്മഹത്യാക്കുറിപ്പ് എഴുതിയിട്ടുണ്ട്. ജോലി ലഭിക്കാൻ പോകുന്ന മക്കളുടെ രക്ഷിതാക്കളോടുളള അഭ്യർത്ഥനയെന്ന നിലയിലാണ് ആത്മഹത്യാക്കുറിപ്പ്.സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് മൂത്ത സഹോദരൻ മാനന്തവാടി ഡബ്ല്യു.എസ്.എസ് പ്രോജക്ട് ഓഫീസർ ജോസ് മാനന്തവാടി പൊലീസിൽ പരാതി നൽകി.

ഓഫീസിൽ ഒറ്റപ്പെടുത്തി

കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് കാരണം ചില മേലുദ്യോഗസ്ഥർ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്ന് മറ്റൊരു സഹോദരൻ നോബിൾ പറഞ്ഞു. മറ്റുള്ളവർ ഒറ്റപ്പെടുത്താൻ ശ്രമിച്ചതോടെ ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നു. എന്നാൽ ഓഫീസിൽ സിന്ധുവുമായി ആർക്കും പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മാനന്തവാടി ജോയിന്റ് ആർ.ടി.ഒ പറഞ്ഞു.