ഊട്ടി പുഷ്പമേളയുടെ ഒരുക്കം അന്തിമഘട്ടത്തിലേക്ക്
നിലമ്പൂർ: ലോകപ്രസിദ്ധമായ ഊട്ടി പുഷ്പമേളയുടെ ഒരുക്കം അവസാനഘട്ടത്തിൽ. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷം മുടങ്ങിയ ഫ്ലവർ ഷോ ഇക്കുറി വർണമനോഹരമായി ഒരുക്കാനാണ് സർക്കാർ തീരുമാനം. മേയ് 20 മുതൽ 24 വരെ ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള.
പുഷ്പമേളയോടനുബന്ധിച്ച വൈവിധ‍്യമാർന്ന പ്രദർശനങ്ങൾക്ക് ശനിയാഴ്ച തുടക്കമായി.
കോത്തഗിരി നെഹ്റു പാർക്കിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന പച്ചക്കറി പ്രദർശനത്തിനാണ് തുടക്കമിട്ടത്. 13, 14, 15 തീയതികളിൽ ഗൂഡല്ലൂരിൽ സുഗന്ധദ്രവ്യ പ്രദർശനവും ഊട്ടി വിജയനഗരം റോസ് ഷോയും നടക്കും. ഫ്ലവർ ഷോക്ക് ശേഷം 28, 29 തീയതികളിൽ കുന്നൂർ സിംസ് പാർക്കിൽ പഴങ്ങളുടെ പ്രദർശനം നടത്തും.
ബൊട്ടാണിക്കൽ ഗാർഡൻ മുഴുവൻ പുഷ്പാലംകൃതമാക്കാനുള്ള ഒരുക്കമാണ് അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. 22 ഹെക്ടർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ ഗാർഡൻ നാല് മടക്കുകളായാണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ നാല് ഹെക്ടറിലാണ് ഫ്ലവർഷോ ഒരുക്കുന്നത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷത്തിലധികം സഞ്ചാരികളാണ് ഓരോ വർഷവും പുഷ്മമേള കാണാനെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ഇക്കുറി കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട് ടൂറിസം വകുപ്പ്.