സ്ത്രീധനപീഡനം: അറസ്റ്റിലായ മദ്രസാദ്ധ്യാപകൻ റിമാൻഡിൽ, പരാതി നൽകിയത് ഭാര്യ

മലപ്പുറം: സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസാദ്ധ്യാപകൻ അറസ്റ്റിൽ. ഭാര്യയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ അദ്ധ്യാപകനായ പനവല്ലിയിലെ മുതുവാട്ടിൽ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്.

അഞ്ചുവർഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് തന്നെ മാനസികമായും ഗാർഹികമായും പീഡിപ്പിച്ചെന്നാണ് ഭാര്യ പരാതിനൽകിയത്. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.

മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാൻഡ് ചെയ്തു. എടയൂർകുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ സ്ത്രീധന പീഡനപരാതി ഉയർന്നതോടെ കമ്മിറ്റിയിൽനിന്ന് പുറത്താക്കിയിരുന്നു.