മാതാവിന്റെ കയ്യില്‍ നിന്നും പുഴയില്‍ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
പെരിന്തല്‍മണ്ണ: ഏലംകുളം മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ നിന്ന് മാനസികാസ്വാസ്ഥ്യമുള്ള മാതാവിന്റെ കയ്യില്‍ നിന്നും പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം അഞ്ചു ദിവസത്തിന് ശേഷം കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപത്തെ തടയണയുടെ വൃഷ്ടി പ്രദേശത്ത് നിന്നും ഇന്ന് ഉച്ചയോടെ കണ്ടെത്തി. കരയോട് ചേര്‍ന്ന് ചപ്പുച്ചവറുകള്‍ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ കാണാതായത് മുതല്‍ തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല.
ചൊവ്വാഴ്ച രാത്രി 11ഓടെയാണ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന 35കാരിയുടെ കുഞ്ഞിനെ കാണാതായത്. രാത്രി വീടിന് സമീപത്തുള്ള മപ്പാട്ടുകര പാലത്തിന് മുകളില്‍ കുഞ്ഞുമായി നില്‍ക്കുമ്പോള്‍ തീവണ്ടി വന്നതോടെ പാലത്തിന്റെ സുരക്ഷിതഭാഗത്തേക്ക് മാറി നില്‍ക്കവേ കയ്യില്‍ നിന്ന് കുഞ്ഞ് താഴേക്ക് വീണെന്നാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സും, പോലിസും, ട്രോമാ കെയര്‍ യൂനിറ്റുകളും നാല് ദിവസം തിരച്ചില്‍ നടത്തിയിരുന്നു.