ലിങ്കുകൾ സ്റ്റാറ്റസായി പങ്ക് വെക്കുന്നവർക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല.

സ്റ്റാറ്റസിൽ പങ്കുവെക്കുന്ന ലിങ്കുകൾക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാൻ വാട്സ് ആപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.

വാട്സ് ആപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടത്. ആൻഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചർ താമസിയാതെ അവതരിപ്പിച്ചേക്കും. ഇത് കൂടാതെ സന്ദേശങ്ങൾക്ക് അതിവേഗം മറുപടി നൽകാൻ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്. അടുത്തിടെയാണ് ഇമോജി റിയാക്ഷനുകൾ വാട്സ് ആപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു