ഇ.ടി.മുഹമ്മദ് ബഷീർ എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ അ‌ർധരാത്രിയോടെയാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് വാഹനത്തിൽ 35 കിലോമീറ്റർ അകലെ എത്തിച്ചു. റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പൊലീസ് വഴങ്ങിയില്ലെന്ന് ഇ.ടി. വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് ദില്ലിയിലേക്ക് തൽക്കാലം മടങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിന് പിന്നാലെ കാൺപൂരിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി യുപിയിലെത്തിയത്. യുപി പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി വ്യക്തമാക്കി.

ഇ.ടി.മുഹമ്മദ് ബഷീറിന്റെ വാക്കുകൾ

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടൽ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരിൽ കാണാൻ കാൺപൂരിലെത്തി, എന്നാൽ ഈ അർദ്ധരാത്രി യുപി പൊലീസ് പല ന്യായങ്ങൾ പറഞ്ഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടർന്ന് ഞങ്ങൾ റോഡിലിരുന്ന് പ്രതിഷേധിച്ചു, എന്നിട്ടും യുപി പൊലീസ് വഴങ്ങാൻ തയ്യാറായില്ല .

ഇപ്പോൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് തൽക്കാലം ഡൽഹിയിലേക്ക് മടങ്ങുകയാണ് . യുപി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും.