ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതി; പെരിന്തൽമണ്ണ സ്വദേശി നൗഫൽ കസ്റ്റഡിയിൽ

മലപ്പുറം: ഫോണിൽ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ പെരിന്തൽമണ്ണ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തൽമണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്. ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് നടപടി.

നൗഫലിനെ മലപ്പുറം എസ്‌പിക്ക് മുൻപാകെ ഹാജരാക്കും. ഇയാൾ മാനസിക പ്രശ്നങ്ങൾക്ക് കഴിഞ്ഞ നാലു മാസമായി ചികിത്സ തേടുന്ന ആളാണെന്ന് സഹോദരൻ നിസാർ പറഞ്ഞു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ മുൻപും ഇയാൾക്കക്കതിരെ സമാനമായ പരാതികൾ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഗുണ്ടാ നേതാവ് മരട് അനീഷ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പെരിന്തൽമണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ നൗഫൽ പറയുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനു കെ ടി ജലീലിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഫോൺ കോളിൽ നൗഫൽ ആവശ്യപ്പെട്ടത്.

അതിനിടെ, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകരുതെന്ന് ഭീഷണിപ്പെടുത്തി തനിക്ക് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സ്വപ്ന സുരേഷും മാധ്യമങ്ങളോട് പറഞ്ഞു. എത്ര നാൾ ജീവനോടെയുണ്ടാകുമെന്ന് പറയാനാകില്ല. പേരും വിലാസവും വെളിപ്പെടുത്തിക്കൊണ്ടാണ് പലരും ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

കെ ടി ജലീൽ പറഞ്ഞിട്ട് വിളിക്കുകയാണെന്ന് പറഞ്ഞും തനിക്ക് ഭീഷണി സന്ദേശമെത്തിയെന്ന് സ്വപ്ന പറയുന്നു. നൗഫൽ എന്നയാൾ പേര് വെളിപ്പെടുത്തി ഭീഷണിപ്പെടുത്തി. ഗുണ്ടാ നേതാവ് മരട് അനീഷിന്റെ പേര് പറഞ്ഞ് പോലും ഭീഷണികളെത്തി. ശബ്ദരേഖ ഉൾപ്പെടെ ഒപ്പം ചേർത്ത് ഡിജിപിക്ക് മുൻപാകെ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

താൻ എൻഫോഴ്സ്മെന്റിന് മൊഴി നൽകുന്നത് തടസപ്പെടുത്തുന്നതിന് വേണ്ടിയാണ് നിരന്തരം പലരും വിളിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുകൾ തുടരരുതെന്നാണ് പലരും ആവശ്യപ്പെടുന്നത്. എത്രത്തോളം സഹായവും സുരക്ഷയും തനിക്ക് ലഭിക്കുമെന്ന് ഉറപ്പില്ല. താമസിക്കുന്ന വീടിന്റെ ഉടമസ്ഥനെപ്പോലും ഭീഷണിപ്പെടുത്തി. തലചായ്ക്കാനുള്ള വീടെങ്കിലും ഇല്ലാതാക്കാതിരുന്നൂടെയെന്ന് സ്വപ്ന സുരേഷ് ചോദിച്ചു.