തിരൂരിൽ കുക്കർ വാങ്ങാൻ എത്തി; കട ഉടമയുടെ ഫോണുമായി മുങ്ങി
മലപ്പുറം: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഇരുവരും കടയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണും കാണാതാകുകയായിരുന്നു.

കടയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുക്കർ വാങ്ങാനെത്തിയ ഒരാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. ജീവനക്കാരൻ ഒരാൾക്ക് കുക്കർ കാണിച്ചു നൽകുമ്പോൾ മറ്റൊരാൾ
മൊബൈൽ ഫോൺ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യം സഹിതം കടയുടമ വിഷ്ണു തിരൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.