തിരൂർ കോർട്ട് റോഡിൽ ഞായറാഴ്ച മുതൽ ഗതാഗതപരിഷ്കാരം


തിരൂർ: നഗരത്തിൽ ഞായറാഴ്ച മുതൽ ഗതാഗതപരിഷ്കാരം. റെയിൽവേ സ്റ്റേഷൻ-കോടതി റോഡിലെ നിലവിലെ വൺവേ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് നിർത്തലാക്കും.

റെയിൽവേ സ്റ്റേഷനിലേക്ക് സിറ്റി ജങ്ഷനിൽനിന്ന് ഞായറാഴ്ച മുതൽ ഇരുചക്ര, മുച്ചക്രവാഹനങ്ങൾ, കാറുകൾ, ജീപ്പുകൾ എന്നിവ കടന്നുപോകുന്നതിന് വിലക്കുണ്ടാകില്ല. എന്നാൽ ബസുകൾ, ലോറികൾ എന്നിവയ്ക്ക് വൺ വേ സമ്പ്രദായം മാറില്ല.

കോർട്ട് റോഡിലെ വ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പരിഷ്കാരം നടപ്പാക്കി ഗതാഗതക്കുരുക്ക്‌ വന്നാൽ ഉടൻ വൺവേ പുനഃസ്ഥാപിക്കും.

ഗതാഗതക്കുരുക്കില്ലാതാക്കാൻ കോർട്ട് റോഡിലെ വ്യാപാരികൾ രണ്ട് ട്രാഫിക്ക് വാർഡന്മാരെ നിയമിക്കും. യോഗത്തിൽ നഗരസഭാധ്യക്ഷ എ.പി. നസീമ, ഡി.വൈ.എസ്. പി.വി.വി. ബെന്നി തുടങ്ങിയവർ പങ്കെടുത്തു.