എന്‍ജിന്‍ തകരാര്‍: ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനം കറാച്ചിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ഷാര്‍ജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തിലിറക്കിയതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദില്‍ എത്തിക്കുന്നതിനായി മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍ഡിഗോ 6ഇ-1406 വിമാനമാണ് കറാച്ചിയില്‍ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിന്റെ 2ലാണ് പൈലറ്റ് തകരാര്‍ കണ്ടെത്തിയത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ഇന്ത്യന്‍ വിമാനമാണ് പാകിസ്താനില്‍ ഇറങ്ങുന്നത്.

ഈ മാസം ആദ്യം ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്‌പെയിസ് ജെറ്റ് വിമാനമാണ് കറാച്ചിയില്‍ ഇറങ്ങിയത്. കോക്പിറ്റിലെ ഇന്ധന സൂചക ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് മറ്റൊരു വിമാനം ഇന്ത്യയില്‍ നിന്നയച്ചാണ് യാത്രക്കാരെ ദുബായിലേക്കെത്തിച്ചത്.