സംസ്ഥാനത്ത് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുല്ലപ്പെരിയാറില്‍ ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇരുപതാം തിയ്യതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാല് ദിവസത്തെ യെല്ലോ അലർട്ട് മുന്നറിയിപ്പ്

17-07-2022: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട്

18-07-2022: ഇടുക്കി, മലപ്പുറം, കാസര്‍കോട്

19-07-2022: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസര്‍കോട്

20-07-2022: ഇടുക്കി, എറണാകുളം, മലപ്പുറം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.4 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടിയിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണ ശേഷി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറന്നേക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.