തിരൂരില്‍ റവന്യൂഹബ് വരുന്നു
തിരൂര്‍: താലൂക്കിലെ സര്‍ക്കാര്‍ ഓഫിസുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനായി തിരൂരില്‍ റവന്യൂഹബ് വരുന്നു. മിനി സിവില്‍ സ്റ്റേഷനു സമീപത്തെ ഒരേക്കറോളം സ്ഥലമാണ് ഇതിനായി കണ്ടെത്തുകയെന്നാണ് സൂചന. റവന്യൂ ഹബ് സംബന്ധിച്ച പ്രൊപ്പോസല്‍ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്‍കുട്ടി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ ടോക്കണ്‍ തുക അനുവദിച്ചിട്ടുണ്ട്.
1957ലാണ് തിരൂര്‍ താലൂക്ക് രൂപീകരിച്ചത്. പൊന്നാനി, ഏറനാട് താലൂക്കുകളില്‍ നിന്നുള്ള വില്ലെജുകള്‍ ചേര്‍ത്തായിരുന്നു തിരൂര്‍ താലൂക്ക് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ 46 വില്ലെജുകളുണ്ടായിരുന്നെങ്കിലും തിരൂരങ്ങാടി താലൂക്ക് രൂപീകരണത്തോടെ 30 വില്ലെജുകളായി. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ജനസംഖ്യയുള്ള മേഖല കൂടിയാണ് തിരൂര്‍ താലൂക്ക്. ജനസാന്ദ്രതയും കൂടുതലുള്ള മേഖലയാണ്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നിലവില്‍ ജനങ്ങള്‍ പരക്കം പായുന്ന അവസ്ഥയാണ് തിരൂരിലുള്ളത്. മിനി സിവില്‍ സ്റ്റേഷനിലാണ് ഭൂരിഭാഗം ഓഫിസുകളും സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചതായതു കൊണ്ടു തന്നെ പശ്ചാത്തല സൗകര്യം ഏറെ പരിമിതമാണിവിടെ. അതുകൊണ്ടു തന്നെ പല ഓഫിസുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ്.
ലേബര്‍ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, വ്യവസായ ഓഫീസ്, ട്രഷറി തുടങ്ങി അത്യാവശ്യ സര്‍ക്കാര്‍ സേവനങ്ങള്‍ക്കെല്ലാം ജനം നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തിലാണ് മിനി സിവില്‍ സ്‌റ്റേഷനടുത്ത് ഒരു റവന്യൂ ഹബ് എന്ന ആശയം ഉദിക്കുന്നത്. മന്ത്രിതല ചര്‍ച്ചകളും എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിക്കഴിഞ്ഞു.
തിരൂരിന് അത്യാവശ്യമായി കിട്ടേണ്ട പദ്ധതിയാണെങ്കിലും നടപടി മന്ദഗതിയിലാണെന്ന ആക്ഷേപമുണ്ട്. നടപടി ക്രമങ്ങള്‍ വേഗത്തിലായാല്‍ തിരൂര്‍ താലൂക്കിലെ ജനങ്ങളുടെ റവന്യൂ ആവശ്യങ്ങള്‍ക്കായി ഇനി നഗര മേഖല മുഴുവന്‍ ചുറ്റേണ്ടി വരില്ലെന്നാണ് പരക്കെയുള്ള അഭിപ്രായം. അടിയന്തര ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.