തിരൂര്‍ നഗരസഭയുടെ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം

തിരൂര്‍: നഗരസഭയുടെ 2022-23 വര്‍ഷത്തേക്കുള്ള 20 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഒട്ടനവധി പദ്ധതികളാണ് ഇതിലുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നത്. ബസ് സ്റ്റാന്റിലേയും മാര്‍ക്കറ്റിലേയും മാലിന്യ പ്ലാന്റ്, പരന്നേക്കാട് ആധുനിക അറവുശാല എന്നിവ പൂര്‍ത്തീകരിക്കും. ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

ഗതാഗത മേഖലയില്‍ നഗരത്തിലെ റോഡുകളായ ഹോസ്പിറ്റല്‍ റോഡ്, ബസ് സ്റ്റാന്‍ഡ് തൗഹീദ് പള്ളി റോഡ്, കൈത വളപ്പ് റോഡ്, അച്ചുട്ടി റോഡ് എന്നിവ നവീകരിക്കും. മുനിസിപ്പല്‍ ലൈബ്രറി നവീകരണം, ആയുര്‍വേദ ആശുപത്രിക്കും വെറ്റിനറിക്കും കെട്ടിടം, നഗരത്തില്‍ ട്രാഫിക് സിഗ്‌നല്‍, ഭിന്ന ശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍, വൃദ്ധജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമ – വിനോദ കേന്ദ്രങ്ങള്‍, നഗരത്തില്‍ പുതിയ ടേക്ക് എ ബ്രേക്ക്, അന്നാര ഹെല്‍ത്ത് സെന്റര്‍ സ്ഥലമെടുപ്പ്,  ഡയാലിസിസ് രോഗികള്‍ക്ക് ധന സഹായം, വനിതകള്‍ക്ക് യോഗ പരിശീലനം, പട്ടിക ജാതി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്, പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയം, മുനിസിപ്പല്‍ പാര്‍ക്ക് നവീകരണം, സ്മാര്‍ട്ട് അങ്കണവാടികള്‍, ഭവന നിര്‍മാണ ധനസഹായം തുടങ്ങിയവ പ്രധാന പദ്ധതികളാണ്. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ അധ്യക്ഷ എ.പി നസീമ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷന്‍ പി. രാമന്‍ കുട്ടി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി. വിജിത, അഡ്വ. എസ് ഗിരീഷ്, ഫാത്തിമത് സജ്ന, കെ.കെ.സലാം മാസ്റ്റര്‍, സി.സുബൈദ, കൗണ്‍സിലര്‍ മാരായ നിര്‍മല കുട്ടിക്കൃഷ്ണന്‍, കെ.അബൂബക്കര്‍, എം.ബാവ എന്നിവര്‍ സംസാരിച്ചു.