ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രണ്ട് പോക്‌സോ കേസ് ഇരകളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായിരിക്കുന്നത്. മെഡിക്കല്‍ കോളജ് പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.കാണാതായവര്‍ കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലിസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

നേരത്തെ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായിരുന്നു.ഈ സംഭവം വലിയ വിവാദമാവുകയും ചെയ്തു.സംഭവത്തില്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തിരുന്നു.അന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കാണാതായ പെണ്‍കുട്ടികളെ മൈസൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നും മറ്റ് നാല് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.ബാല മന്ദിരത്തിലെ മോശം സാഹചര്യമാണ് പുറത്തുകടക്കാന്‍ കാരണമെന്നാണ് അന്ന് പെണ്‍കുട്ടികള്‍ പോലിസിന് മൊഴി നല്‍കിയത്. ഇവരില്‍ ഒരാള്‍ പിന്നീട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ശിശു ക്ഷേമ സമിതിയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.