കാണാതായ മുസ്ലീം ലീഗ് മെമ്പര്‍ തിരിച്ചെത്തി

കോഴിക്കോട്: കാണാതായ പഞ്ചായത്ത് അംഗം പൊലീസില്‍ ഹാജരായി. മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ആദില നിബ്രാസ് (23) ആണ് സ്റ്റേഷനില്‍ ഹാജരായത്. ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിടയിലാണ് യുവതി നരിക്കുനി കുരുവട്ടൂര്‍ സ്വദേശി ഷാഹുലിനൊപ്പം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.

ഇരുവരും വിവാഹിതരാണെന്നറിയിച്ചതിനാല്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. രണ്ടുപേരേയും ഇന്ന് വൈകിട്ട് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. തിങ്കള്‍ മുതല്‍ ആദിലയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് മേപ്പയ്യൂര്‍ പൊലീസിനെ സമീപിച്ചിരുന്നു. മുസ്ലീം ലീഗ് പ്രതിനിധിയായ ആദിലയുടെ തിരോധനത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. ഭരണം നിലനിര്‍ത്താനുളള എല്‍ഡിഎഫ് തന്ത്രത്തിന്റെ ഭാഗമാണ് ആദിലയുടെ തിരോധാനമെന്ന് മാതാവ് പറയുകയുണ്ടായി.

ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. 15 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് എട്ടും യുഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്. സിപിഐയുടെ ഇ ടി രാധയാണ് പഞ്ചായത്ത് പ്രസിഡന്റ്. അസുഖബാധിതയായതിനേത്തുടര്‍ന്ന് രാധ ജനുവരി മുതല്‍ ദീര്‍ഘകാല അവധിയിലാണ്. ജൂണില്‍ പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് വി പി പ്രവിതയ്‌ക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അസുഖം മൂലം രാധയ്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനായില്ല. അവിശ്വാസത്തെ അനുകൂലിച്ചും എതിര്‍ത്തും ഏഴ് വീതം വോട്ടുകള്‍ ലഭിച്ചു. ഇരു മുന്നണികള്‍ക്കും തുല്യ വോട്ട് ലഭിച്ചതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

സിപിഐ-സിപിഐഎം തര്‍ക്കം നിലനില്‍ക്കുന്ന പഞ്ചായത്താണ് ചെറുവണ്ണൂര്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിന്റെ ഡ്രൈവറുടെ നിയമനത്തെ ചൊല്ലി തുടങ്ങിയ തര്‍ക്കം പിന്നീട് മറ്റ് വിഷയങ്ങളിലൂടെ വളര്‍ന്നു. ജില്ലാ നേതൃത്വം ഇടപെട്ടെങ്കിലും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല. ആവള മഠത്തില്‍ മുക്കില്‍ സിപിഐ-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഈ സാഹചര്യം മുതലെടുത്താണ് കോണ്‍ഗ്രസ് അംഗം എന്‍ ടി ഷിജിത്ത് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ എല്‍ഡിഎഫ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിച്ചു. ഇതിനേത്തുടര്‍ന്നാണ് എല്‍ഡിഎഫിന് അവിശ്വാസ പ്രമേയം മറികടക്കാനായത്. ഇടത് മുന്നണിയിലെ ഭിന്നത അവസരമാക്കി യുഡിഎഫ് വീണ്ടും അവിശ്വാസ പ്രമേയത്തിന് മുതിരാന്‍ സാധ്യതയുണ്ട്. മുസ്ലീം ലീഗ് മെമ്പറുടെ തിരോധാനം അവിശ്വാസ പ്രമേയം മുന്നില്‍ കണ്ട് എല്‍ഡിഎഫ് നടത്തിയ നീക്കമാണിതെന്നായിരുന്നു യുഡിഎഫിന്റെ ആക്ഷേപം.