കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് രണ്ട് വയസ്സ്
മലപ്പുറം: രണ്ടുവര്‍ഷം മുന്‍പത്തെ ഒരു വെള്ളിയാഴ്ചയിലെ രാത്രി. കോരിച്ചൊരിയുന്ന മഴയില്‍ പെട്ടെന്നായിരുന്നു ഘോരശബ്ദത്തോടെ വിമാനം റണ്‍വേയും കടന്ന് താഴേക്ക് പതിച്ചത്. പത്തൊന്‍പത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാനദുരന്തം…അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
84 യാത്രക്കാരുമായി ദുബായില്‍നിന്ന് പറന്നിറങ്ങിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്പര്‍ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിമാനം 13ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷതേടി ജന്മനാട്ടിലേക്ക് അഭയം തേടി പുറപ്പെട്ടവരാണ് യാത്രികര്‍. പ്രതീക്ഷകളും, സ്വപ്നങ്ങളുമായി 184 പേര്‍, കൂടെ 6 ജീവനക്കാരും.
ലാന്റിങ്ങിനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് എന്നിവരും മരിച്ചു. 122 പേര്‍ക്ക് പരിക്കേറ്റു. കൊവിഡ് രോഗഭീതിയിലും നാട്ടുകാരുടെയും പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
വിമാനാപകടത്തില്‍ തെളിഞ്ഞ സഹജീവി സ്‌നേഹമുദ്രകള്‍കണ്ട് കേരളം കൈകൂപ്പുകയുണ്ടായി. ഒരുമയാണു കേരളത്തിന്റെ അതിജീവനമന്ത്രമെന്ന മഹാവിളംബരമായിരുന്നു അത്. സമര്‍പ്പിതരായ എത്രയോ പേരുടെ സ്‌നേഹം കൈകോര്‍ത്തു നിന്നപ്പോള്‍ അപകടത്തില്‍ പരുക്കേറ്റ പല യാത്രക്കാരുടെയും ജീവിതമാണു പ്രകാശിച്ചത്.
രണ്ടാം വാര്‍ഷികത്തില്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും നന്ദിവാക്കുകളുമായി കരിപ്പൂരിലെത്തുകയാണ്, ഒരു വലിയ സമ്മാനവുമായി. കൊണ്ടോട്ടി നഗരസഭയിലെ ചിറയില്‍ ചുങ്കം പിഎച്ച്‌സിക്കു പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കുന്നതിലൂടെ നന്ദിപ്രകാശനത്തിനുതന്നെ അപൂര്‍വമായൊരു സൗന്ദര്യമുണ്ടാകുന്നു.
നാട്ടുകാര്‍ക്കു മുഴുവന്‍ ആശ്വാസമാകുംവിധം സര്‍ക്കാരിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വന്‍തുക ചെലവാക്കി കെട്ടിടം നിര്‍മിച്ചുകൊടുക്കുമ്പോള്‍ അത് സമാനതകളില്ലാത്ത ആദരം കൂടിയാകുന്നു.