വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികൾ; പിരിയാൻ വയ്യാത്ത സ്നേഹക്കൂട്ട്

(ബൈജു നിലമ്പൂർ)

നിലമ്പൂർ: വാത്സല്യം പകർന്ന് മലയണ്ണാൻ ദമ്പതികളിൽ നിന്ന് കളങ്കമില്ലാത്ത സ്നേഹം നുകരുകയാണ് മമ്പാട് പുള്ളിപ്പാടം മണലോടി കൊല്ലപറമ്പൻ മൻസൂറും കുടുംബവും. മൻസൂർ മണി, മുത്തുമോളെ എന്ന് വിളിച്ചാൽ മലയണ്ണാൻ ദമ്പതികൾ മരച്ചില്ലകൾ വഴി ഓടിയെത്തും.പിന്നെ ദേഹത്തു കയറി സ്നേഹ പ്രകടനങ്ങളാണ്.
സഹജീവികളോട് ഏറെ സ്നേഹം പുലർത്തുന്ന മൻസൂർ കർഷകനാണ്. 5 വർഷമായി മലയണ്ണാനുകളുമായി ചങ്ങാത്തത്തിലായിട്ട്. വേനൽ കാലത്ത് പക്ഷികൾക്ക് ദാഹമകറ്റാൻ കൃഷിയിടത്തിൽ മരങ്ങളിൽ ചിരട്ടകൾ കെട്ടിത്തൂക്കി വെള്ളം നിറച്ച് വയ്ക്കുന്നത് പതിവാണ്.  ഒരു കിലോമീറ്റർ അകലെ വനമാണ്. യാദൃശ്ചികമായാണ് ചിരട്ടയിൽ നിന്ന് വെള്ളം കുടിച്ചു പോകുന്ന മലയണ്ണാനുകൾ മൻസൂറിൻ്റ ശ്രദ്ധയിൽപ്പെട്ടത്. വരവ് ആവർത്തി കൊണ്ടിരുന്നു. ഇടയ്ക്ക്‌ പഴങ്ങൾ വച്ചു കൊടുത്തു. ക്രമേണ മൻസൂറിൻ്റ കുടുംബവും മലയണ്ണാനുകളും തമ്മി സ പിരിയാൻ വയ്യാത്ത അടുപ്പമായി. വൈകാതെ മലയണ്ണാനുകൾ മൻസൂറിൻ്റ കൃഷിയിടത്തിൽ കൂട് കെട്ടി താമസം മാറ്റി. 5 വർഷത്തിനിടെ തെങ്ങ്, തേക്ക്, പ്ലാവ് എന്നിവയിൽ ഉയരത്തിൽ കൂട് കെട്ടി. ഇടയ്ക്കിടെ ദമ്പതികൾ ഒരു കൂട്ടിൽ നിന്ന് മറ്റൊന്നിലേക്ക് താവളം മാറ്റിക്കൊണ്ടിരിക്കും.

ഫോട്ടോ ബൈജു നിലമ്പൂർ

മൻസൂറിൻ്റ ഭാര്യ ബുഷ്റ ബാനു, മക്കൾ മിശിയാൻ, ലസിൻ, എയ്സ്, ഇവാ മറിയം, ലീം മൻസൂർ എന്നിവരുമായി മലയണ്ണാനുകൾ സ്നേഹം പുലർത്തുന്നു. മുത്തുമോൾക്ക് കൂടുതൽ ഇഷ്ടം ബുഷ്റയോടാണ്. വീടിനകത്തു വരെ ബുഷ്റയെ തേടിച്ചെല്ലും. മുന്തിരി, ആപ്പിൾ, ചെറുപഴം എന്നിവ ദിവസവും മൻസൂർ വാങ്ങി നൽകുന്നു. ചോറും കൊടുക്കാറുണ്ട് . 10 പശുക്കൾ, വാത്ത, കോഴി, താറാവ്, വിവിധ ഇനം പ്രാവുകൾ എന്നിവയെ കൊല്ലപറമ്പൻ വീട്ടിൽ വളർത്തുന്നു: കോഴികൾക്കൊപ്പം മയിലുകൾ മൻസൂറിൻ്റ കൃഷിയിടത്തിൽ തീറ്റ ചികഞ്ഞു നടക്കുന്നത് പതിവ് കാഴ്ചയാകുന്നു.