മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ച
മമ്പുറം: മത സൗഹാർദ്ദത്തിന്റെ മാതൃകാ വേദിയായി മമ്പുറം ആണ്ട് നേർച്ചയുടെ അന്നദാന ചടങ്ങ്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് അന്നദാനം സ്വീകരിക്കാൻ സമാപന ദിവസം മമ്പുറത്തെത്തിയത്.
മലബാറിലെ നവോത്ഥാന സമുദ്ധാരകൻ, സാമൂഹിക പരിഷ്‌കർത്താവ്, തുടങ്ങിയ വിശേഷണങ്ങളോടെ സർവ മതസ്ഥരുടെയും ഹൃദയത്തിൽ ഇടം പിടിച്ച മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചയിലെ ഇത്തരം കാഴ്ചകൾ കൂടുതൽ ശ്രദ്ധേയമാണ്.

‘മമ്പുറം മഖാം മതസൗഹാർദത്തിന് പേരുകേട്ടതാണ്. എല്ലാ ജനവിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചാണ് മമ്പുറത്ത് ആണ്ട് നേർച്ച നടക്കുന്നത്’-സംഘാടകരിലൊരാൾ പറഞ്ഞു.
മമ്പുറം തങ്ങളുടെ വിയോഗത്തിന്റെ 184 വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സാമീപ്യം തേടി മമ്പുറത്തേക്കൊഴുകിയത് തീർത്ഥാടക പ്രവാഹമായിരുന്നു. ജാതി മത ഭേദമന്യേ പതിനായിരങ്ങളുടെ അത്താണിയായിരുന്നു തങ്ങളെന്ന് അടിവരയിടുന്ന പങ്കാളിത്തം.
മമ്പുറം സയ്യിദ് അലവി തങ്ങളും കുടുംബവും കേരളീയ മത സൗഹാർദ്ദത്തിന്റെ മികച്ച മാതൃകകളാണെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജൂലൈ 30 ന് കൊടി ഉയർത്തിയതോടെ ആരംഭിച്ച നേർച്ചയുടെ ഭാഗമായി വിവിധയിനം പരിപാടികളാണ് ഒരാഴ്ച്ചക്കാലം മഖാമിൽ നടന്നത്.