തിരൂരിൽ അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം; കുഞ്ഞ് മരിച്ചു

തിരൂർ: വീട്ടിലെ പ്രസവത്തിൽ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വീട്ടിലായിരുന്നു പ്രസവം.വെങ്ങാലൂർ സ്വദേശി കോടേരി വളപ്പിൽ മുഹമ്മദ് താഹ ദമ്പതികൾ അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾതന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്.

ഈ മാസം അഞ്ചിനായിരുന്നു പ്രസവം. വീട്ടിൽതന്നെ പ്രസവമെടുക്കരുതെന്ന് മാതാപിതാക്കളെ തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫിസർ അറിയിക്കുകയും ആവശ്യമായ ബോധവത്​കരണം നടത്തുകയും ചെയ്തിരുന്നു. മുമ്പുണ്ടായ മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാൽ സ്വമേധയാ പ്രസവമെടുക്കുന്നത് അപകടകരമാണെന്നും ഡോക്ടർ മാതാപിതാക്കളെ അറിയിച്ചിരുന്നു.

തിങ്കളാഴ്ച പുലർച്ചയായിരുന്നു കുട്ടിയുടെ മരണം. കാരത്തൂരിലെ സ്വകാര്യ ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമായി ഡോക്ടർ പൊലീസിനോട് പറഞ്ഞത്. തലക്കാട് കുടുംബാരോഗ്യ ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

മൃതദേഹം തിങ്കളാഴ്ച രാവിലെ വെങ്ങാലൂർ മസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി.