മയക്ക് മരുന്നുമായി യുവാവ് പിടിയിൽ
മലപ്പുറം: യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുന്ന മാരക മയക്ക് മരുന്നുകളുടെ ഉപയോഗം സമൂഹത്തിന് ഭീഷണി യായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.സുജിത്ത് ദാസ് IPS നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ DYSP ശ്രീ. എം. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ കരുവാരക്കുണ്ട് CI, CK നാസർ,SI മാരായ രവികുമാർ, മനോജ്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ജൂനിയർ SI ശൈലേഷ്, പോലീസുകാരായ സനൂജ്, റിയാസ്,അജേഷ്, മലപ്പുറം ജില്ലാ ആൻ്റി നാർക്കോട്ടിക്സ് സ്പെഷ്യൽ സ്കൊഡിലെ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് 4.8 ഗ്രാം സിന്തറ്റിക് ഡ്രഗ് ഇനത്തിൽ പെട്ട MDMA എന്ന മയക്കുമരുന്നുമായി പുലാമന്തോൾ പാലൂർ സ്വദേശി കുളങ്ങരകാട്ടിൽ സലീൽ ഉമ്മർ വയ : 24 എന്നയാൾ ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ തുവ്വുർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് അറസ്റ്റിലായത്.
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നതാണ് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വളരെ ചെറിയ അളവിൽ മാത്രം ഉപയോഗിക്കാവുന്നതും കടത്തിക്കൊണ്ട് പോകാനും ഉപയോഗിക്കാനും എളുപ്പവും അതെ സമയം മാരക ലഹരി ലഭിക്കുന്നതുമായതിനാലാണ് സിന്തറ്റിക് ഡ്രഗ്സ് വ്യാപകമാകുന്നത് എന്നും ഇതിൻ്റെ അന്തർ സംസ്ഥാന കണ്ണികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും തുടർന്നും പരിശോധനകൾ നടത്തിവരികയാണ് എന്നും പെരിന്തൽമണ്ണ DYSP ശ്രീ.എം സന്തോഷ് കുമാർ അറിയിച്ചു.