പാരമ്പര്യ വൈദ്യന്റെ കൊലപാതകം; റിട്ടയേർഡ് എസ്.ഐ. കോടതിയിൽ കീഴടങ്ങി

ഇടുക്കി: മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസിലെ പ്രതി റിട്ട. എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ കോടതിയിൽ കീഴടങ്ങി. മൂന്ന് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. ഷാബാ ഷെരീഫ് കൊലപ്പെട്ട കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ പ്രധാന സഹായി സുന്ദരന്‍ സുകുമാരനെന്നാണ് പോലീസ് പറയുന്നത്.

ഷൈബിനും കൂട്ടാളികളും അറസ്റ്റിലായ ഉടനെ ഒളിവില്‍ പോയ ഇയാളെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ നിലമ്പൂര്‍ പോലീസും വയനാട് കേണിച്ചിറ പോലീസും പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഇയാളുടെ പാസ്‌പോര്‍ട്ടില്‍ സര്‍വീസിലായിരിക്കെ ഷൈബിന്റെ കൂടെ അബുദാബിയിലേക്ക് യാത്ര ചെയ്തതതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഡയറിയില്‍ നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.

സുന്ദരന്‍ സുകുമാരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഷൈബിന്‍ അഷറഫിന് നിയമസഹായങ്ങള്‍ നല്‍കിയത് സുന്ദരന്‍ സുകുമാരനാണെന്നും ഷൈബിന്‍ അഷറഫും ഇയാളും വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ പോലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

ഇയാള്‍ പിടിയിലായതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നിഗമനം. ഷാബാ ഷെരീഫ് വധക്കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിത്. ഷൈബിനും സുന്ദരന്‍ സുകുമാരനും ഉള്‍പ്പെടെ പന്ത്രണ് പ്രതികളാണ് കേസിലുള്ളത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മുട്ടം കോടതിയില്‍ നിന്ന് ഏറ്റെടുത്ത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കോടതി റിമന്റ് ചെയ്ത ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.