ബഹിരാകാശത്തും ത്രിവർണ്ണ ശോഭ; 1,06,000 അടി ഉയരത്തിൽ പാറി പറന്ന് ദേശീയ പതാക

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്‌ക്ക് 30 കിലോമീറ്റർ മുകളിൽ സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവർണ്ണ പതാക ഉയർന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 1,06,000 അടി ഉയരത്തിൽ പറന്ന ദേശീയ പതാകയുടെ ദൃശ്യങ്ങളും ഇതിനോടൊപ്പം പുറത്തുവന്നു.

രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നതിനും ബഹിരാകാശപഠനത്തെക്കുറിച്ച് കുട്ടികളിൽ അവബോധം നൽകുന്നതിനും വേണ്ടി രൂപീകരിച്ച സ്ഥാപനമാണ് സ്‌പേസ് കിഡ്സ് ഇന്ത്യ. ഈയടുത്ത് രാജ്യത്തുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് ആസാദിസാറ്റ് എന്ന ഉപഗ്രഹം വികസിപ്പിക്കുകയും സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ വിക്ഷേപിക്കുകയും ചെയ്തിരുന്നു.

76-ാം സ്വാതന്ത്ര്യദിനത്തെ വരവേൽക്കുമ്പോൾ ഇന്ത്യയിലുടനീളം നിരവധി പരിപാടികളാണ് കഴിഞ്ഞ ഒരു വർഷത്തോളമായി സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ ക്യാമ്പയിൻ വൻ വിജയമാകുകയും ചെയ്തിരുന്നു. രാജ്യത്തെ കോടിക്കണക്കിന് വീടുകളിൽ ത്രിവർണ്ണ പതാക ഉയർന്നു. സോഷ്യൽ മീഡിയയിൽ മുഖച്ചിത്രമായി ദേശീയ പതാക ഇടണമെന്ന മോദിയുടെ അഭ്യർത്ഥനയും രാഷ്‌ട്രീയഭേദമന്യേ ജനങ്ങൾ ഏറ്റെടുത്തു.