മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം: അർഷാദ് പിടിയിൽ.
കൊച്ചി: കൊച്ചിയിൽ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. മരിച്ച യുവാവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനെയാണ് പിടികൂടിയത്. തീവണ്ടി മാർഗം കർണാടകത്തിലെ മംഗലാപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട്ടെ മഞ്ചേശ്വരത്തു വെച്ചാണ് അർഷാദ് പിടിയിലായത്. കാസർകോട് ജില്ലാ പോലീസ് ഓഫീസിൽ എത്തിച്ച അർഷാദിനെ രാത്രിയോടെ കൊച്ചിയിൽ എത്തിക്കും.
മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ രാമനാട്ടുകര വരെ പ്രതിയുടെ ഫോണിൻ്റെ സിഗ്നൽ പോലീസിനു ലഭിച്ചിരുന്നു. ഇതിനുശേഷം ഇയാൾ ഫോൺ സ്വിച്ച് ഓഫാക്കി. പയ്യോളിയിലെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇവിടെ അർഷാദ് എത്തിയിരുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചു. വടക്കൻ കേരളത്തിലേക്ക് ഇയാൾ രക്ഷപ്പെട്ടുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് വ്യാപക പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കാസർകോട് നിന്നു അർഷാദിനെ പോലീസ് പിടികൂടിയത്.
കൊച്ചിയിൽ യുവാവിനെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ചു, കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശി
ഇന്നലെ വൈകുന്നേരമാണ് ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ മുറിയിൽ യുവാവിൻ്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ഫ്ലാറ്റ് പൂട്ടി അർഷാദ് കടന്നുകളയുകയായിരുന്നു. സജീവിൻ്റെ കൊലപാതകത്തിൽ അർഷാദിനു വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.
കൊലപാതകത്തിൽ ഒന്നിലധികം പേർക്കു പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. മരിച്ച സജീവ് കൃഷ്ണയുടെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകൾ കണ്ടെത്തി. തലയിലും കഴുത്തിലും നെഞ്ചിലും കുത്തേറ്റ പാടുകളുണ്ട്. സജീവ് കൃഷ്ണയ്ക്ക് മർദനമേറ്റിരുന്നതായും പോലീസ് ഇൻക്വസ്റ്റിൽ കണ്ടെത്തി. മറ്റൊരു സുഹൃത്തായ ആഷിഷിനെ പോലീസ് ചോദ്യം ചെയ്തു. ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് ആഷിഷ് താമസിക്കുന്നത്. ആഷിഷ് വഴിയാണ് ഇവർ ഇവിടെ ഫ്ലാറ്റ് എടുത്തത്. ആഷിഷ് ആണ് ആദ്യം സജീവ് കൃഷ്ണ മരിച്ചുകിടക്കുന്നതായി ഫ്ലാറ്റിലെ കെയർടേക്കറെ അറിയിച്ചത്.