സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം
തിരൂർ: ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും. സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് ‘ഫ്രീഡം വാൾ’ എന്ന പദ്ധതി. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്.

സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളേജുകളുൾപ്പെടെ 64 കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ വിരലുകള്‍ ഇന്ത്യാ ചരിത്രത്തിലെ വിസ്മയാദ്ധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കലാലയത്തിന്റെ പ്രധാന കവാടം, കോളേജിൻ്റെ മറ്റു പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ എന്നിവയിലാണ് ക്യാംപസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ രചനകൾ.
ചരിത്ര സ്‌മൃതികളിലേക്ക് ഏവരെയും പുനരാനയിക്കാൻ കോളേജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് സംഘാടനം.
ആഗസ്റ്റ് പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയർന്നു കഴിഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ കലാലയങ്ങൾ ചരിത്രബോധവും കലയും സൗന്ദര്യവും കൊണ്ട് വിളങ്ങുകയാണ്.
മലപ്പുറം ജില്ലയിൽ തിരൂർ ടിഎംജി കോളേജിൽ ഇതിനു നേതൃത്വം നൽകിയത് തിരൂർ എസ്എസ്എം പോളിടെക്‌നിക്ക് കോളേജിൽ എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥി കെ മുഹമ്മദ് ഇർഷാദ് ആണ്.
രണ്ട് ദിവസം കൊണ്ടാണ് രാഹുൽ തൂമ്പലക്കാട്, അരുൺ വെട്ടിക്കാട്ട്, മുഹമ്മദ് ഇർഷാദ് കടവത്ത്, അഖിൽ ടി, വൈശാഖ് സിവി, ആകാഷ് ശങ്കർ ടി യു, റിയ ഗണേഷ് പി, നീന സുബ്രമണ്യൻ എന്നിവർ ചേർന്ന് തുഞ്ചൻ കോളേജിലെ 300 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഫ്രീഡം വാൾ നിർമ്മിച്ചത്. തിരൂർ തുഞ്ചൻ പറമ്പിലെ സ്മാരക കവാടത്തിൻ്റെ ചിത്രമാണ് ഫ്രീഡം വാളിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയത്.

തിരൂർ പോളിടെക്നിക്കിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നേരത്തേ തിരുനാവായ പഞ്ചായത്തിലെ വലിയ പറപ്പൂർ വാർഡ് 7 ലെ അംഗൻ വാഡി, പകൽ വീട്, ബസ് സ്റ്റാൻ്റ്, എന്നിവിടങ്ങളിൽ ചുമർചിത്രങ്ങൾ വരച്ചിട്ടുണ്ട്.
തിരൂർ മേഖലയിലെ സ്കൂൾ, കോളേജ്, എന്നിവിടങ്ങളിൽ ഫ്രീഡം വാൾ നിർമ്മിക്കാൻ തൽപരരായവർക്ക് വേണ്ട ഉപദേശ നിർദ്ദേശങ്ങളും സഹകരണവും നൽകുന്നതാണെന്ന് തിരൂർ പോളിടെക്നിക്ക് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ കെ എ കാദർ, എന്നിവർ അറിയിച്ചു. തൽപരരായവർ 9048707706 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.