കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പാർട്ടിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ പൊതുവേദിയിൽ തുറന്നടിച്ച കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണ്. ഷാജി വിദേശത്തുനിന്ന് എത്തിയാലുടൻ ഇതേക്കുറിച്ച് നേതൃത്വം സംസാരിക്കും. പ്രവർത്തകസമിതി യോഗത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. യോഗത്തിനുശേഷം ഷാജി തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നടന്ന ലീഗ് പ്രവർത്തകസമിതി യോഗത്തിൽ വിമർശനം ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി ഷാജി രംഗത്തെത്തിയിരുന്നു. പാർട്ടി നേതൃത്വം നേതാക്കളെ തിരുത്തുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു ഷാജിയുടെ ചോദ്യം.

അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്നും എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ലെന്നും ഷാജി മസ്‌ക്കറ്റിലെ ഒരു പരിപാടിക്കിടെ വ്യക്തമാക്കി. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. അത്തരം ഭിന്നതകൾ യഥാസമയം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഷാജി പറഞ്ഞു.