എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിനെയാണ് ക്രൈംബ്രാഞ്ച് പൊലീസ് പിടിയിലായത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ജിതിന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ്.

ജിതിനാണ് എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിയും ഇയാള്‍ക്ക് സഹായം ചെയ്ത് നല്‍കിയവരും അടക്കം നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

ജൂണ്‍ 30ന് അര്‍ദ്ധരാത്രിയായിരുന്നു എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വെടിക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും, ശബ്ദം കുറഞ്ഞതുമായ രാസവസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.