പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ രാജ്യവ്യാപക റെയ്ഡ്; അമിത്ഷാ, അജിത് ഡോവലടക്കമുള്ള ഉന്നതർ യോഗത്തിൽ; കേന്ദ്ര നീക്കം പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധിക്കാൻ ലക്ഷ്യമിട്ട്
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളായ എൻഐഎയും ഇ.ഡിയും ബുധനാഴ്ച അർധരാത്രിയോടെ റെയ്ഡ് നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസേനയെ എത്തിച്ചായിരുന്നു റെയ്ഡ് നടപടികൾ. കേരളത്തിൽ സിആർപിഎഫ് സേന എത്തിയത് ഝാർഖണ്ഡിൽ നിന്നായിരുന്നു. ട്രെയിനിൽ എത്തിയ ഓരോ വിഭാഗവും ഓരോ ജില്ലകളിലും എത്തി. എന്തിനാണ് എത്തിയതെന്ന് വിവരം നൽകാതെയായിരുന്നു ഓപ്പറേഷൻ നടത്തിയത്. ഇന്നലെ അർഥരാത്രിയോടെ എവിടെയാണ് കേന്ദ്രസേന സുരക്ഷക്കായി പോകേണ്ടത് എന്ന വിവരം നൽകുകയാണ് ഉണ്ടായത്.

ഒരു വർഷത്തോളമായി പോപ്പുലർ ഫ്രണ്ടിനെ നിരീക്ഷിച്ച ശേഷമാണ് കേന്ദ്രനീക്കമെന്നാണ് സൂചനകൾ. 13 സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നുവെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഓ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീൻ എളമരം എന്നിവരടക്കം നൂറോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നും 22 പേരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഇതിൽ എത്രപേരുടെ അറസ്റ്റ് വിവരങ്ങൾ രേഖപ്പെടുത്തി എന്ന് വ്യക്തമല്ല.

എൻഐഎ നടത്തിയ റെയ്ഡിഡിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകൾ അടക്കം ലഭിച്ചെന്ന വിധത്തിൽ വാർത്തകൾ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റെയ്ഡിൽ ഏറ്റവും അധികം പേരെ കസ്റ്റഡിയിൽ എടുത്തത് കേരളത്തിൽ നിന്നാണ്. അതേസമയം തീവ്രവാദപ്രവർത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടൻ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്.

രാജ്യത്തുടനീളം എൻഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ എല്ലാം സിആർപിഎഫിന്റെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എന്നിവ സംയുക്തമായാണ് നീക്കം നടത്തിയത്. സംസ്ഥാന പൊലീസിന്റെയും പിന്തുണയോടെ ആയിരുന്നു പല സംസ്ഥാനങ്ങളിലും റെയ്ഡ്. കേരളത്തിൽനിന്ന് 22 പേരെ കസ്റ്റഡിയിൽ എടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും 20 പേർ വീതം പിടിയിലായി. തമിഴ്‌നാട്ടിൽനിന്ന് 10 പേരെയും അസമിൽനിന്ന് ഒൻപത് പേരെയും, ഉത്തർപ്രദേശിൽനിന്ന് 8 പേരെയും, ആന്ധ്രാപ്രദേശിൽനിന്ന് 5 പേരെയും, മധ്യപ്രദേശിൽനിന്ന് 4 പേരെയും, ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് 3 പേരെ വീതവും, രാജസ്ഥാനിൽനിന്ന് 2 പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കർണാടകയിലെ മംഗളൂരുവിൽ എൻഐഎ റെയ്ഡിനെതിരെ പ്രതിഷേധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 3.30-നാണ് എല്ലായിടത്തും റെയ്ഡുകൾ തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. റെയ്ഡിന്റെ വിശദാംശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ വാർത്താക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എൻ.ഐ.എ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്തയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡുകൾ നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ റെയ്ഡിനുവേണ്ട എല്ലാ പശ്ചാത്തലവും ഒരുക്കി. ബുധനാഴ്ച രാത്രി മുതൽ കേന്ദ്ര ഏജൻസികളുടെ തലവന്മാർ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് പുറത്തുവരുന്ന വിവരം.

വിദേശ രാജ്യങ്ങളിൽനിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് പോപ്പുലർ ഫ്രണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. ചെന്നൈയിലുള്ള പോപ്പുലർ ഫ്രണ്ട് സംസ്ഥാന ആസ്ഥാനത്തും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, കടലൂർ, ഡിണ്ടിഗൽ, തേനി, തെങ്കാശി എന്നിവിടങ്ങളിലും റെയ്ഡുകൾ നടന്നു. അസമിൽനിന്ന് 9 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗുവഹാട്ടിയിലടക്കം റെയ്ഡുകൾ നടന്നു. യുപിയിലെ ലഖ്നൗ, ഡൽഹിയിലെ ഷഹീൻബാഗ്, ഖാസിപുർ എന്നിവിടങ്ങളിലും റെയ്ഡുകൾ നടന്നുവെന്നാണ് വിവരം. റെയ്ഡിന് പിന്നാലെ ഹൈദരാബാദിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ സീൽ ചെയ്തിട്ടുണ്ട്. സിആർപിഎഫിന്റെയും സംസ്ഥാന പൊലീസിന്റെയും സുരക്ഷയോടെ ആയിരുന്നു എല്ലാ സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയത്.
2006ൽ കേരളത്തിൽ രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡൽഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയിൽ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ അന്വേഷണ ഏജൻസി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, പിഎഫ്ഐക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു, ഹത്രാസിൽ വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജൻസികൾ സ്വീകരിച്ചിരുന്നു.