80 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരി കടത്ത് സംഘം പിടിയിൽ
കൊണ്ടോട്ടി: വിപണിയിൽ 80 ലക്ഷം രൂപയോളം വിലവരുന്ന മയക്കുമരുന്നുമായി അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ 5 പേർ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ എംഡിഎംഎ ഇവരിൽ നിന്നും പിടികൂടി . ഇന്ന് പുലർച്ചെയാണ് കൊണ്ടോട്ടി മൊറയൂർ ഹിൽ ടോപ്പിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരി മരുന്നുമായി എറണാംകുളം സ്വദേശികളടക്കം 5 പേരെ പിടികൂടിയത്.
വണ്ടൂർ വാണിയമ്പലം കുറ്റിയിൽ സ്വദേശികളായ സംഘത്തലവൻ മാട്ടറ വീട്ടിൽ സജിൻ (40) കാട ബാബു എന്ന മുണ്ടേങ്ങാടൻ സുധീർ ബാബു (41) , വലശ്ശേരി മുഹമ്മദ് റാഫി (35) എറണാംകുളം പള്ളുരുത്തി സ്വദേശി വലിയകത്ത് ഫർഹാൻ (22), ഫോർട്ട് കൊച്ചി സ്വദേശി കാവത്തി മനയത്ത് വീട്ടിൽ തൗഫീഖ് (27) എന്നിവരേയാണ്
ഡി എ എൻ എസ് എഫ് ടീമും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്നും 100 ഗ്രു ഓളം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്. വണ്ടൂർ വാണിയമ്പലം സ്വദേശിയായ സജിൻ്റെ നേതൃത്വത്തിലുള്ള വൻ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘമാണ് പിടിയിലായത്. വണ്ടൂരിൽ ഹോം സിറാമിക്സ് എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും 1 വർഷത്തോളമായി ലഹരി കടത്തിയിരുന്നത്.
എറണാംകുളം ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചും ഇവർ ലഹരി വില്പന നടത്തി വരുന്നുണ്ട്.ഇവരെ ചോദ്യം ചെയ്തതിൽ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി ലഹരിക്കടത്തു സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടുതൽ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എ സി നു ലഭിച്ച രഹസ്യ വിവരത്തിൻ്റ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി അഷറഫ്, കൊണ്ടോട്ടി സബ് ഇൻസ്പക്ടർ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ഡി എ എൻ എസ് എഫ് ടീമാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തി വരുന്നത്.