നരബലിയിലേക്ക് നയിച്ചത് ‘ശ്രീദേവി’യുടെ ഫ്രണ്ട് റിക്വസ്റ്റ്; സിനിമ മോഹം നൽകി ജീവനെടുത്തു

തിരുവല്ല: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭഗവൽ സിങ്ങിന് ‘ശ്രീദേവി’ എന്ന ഐഡിയിൽനിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ശ്രീദേവി എന്ന പേരിലെ വ്യാജ പ്രൊഫൈലിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും സ്ത്രീയായി ചമഞ്ഞ് ഭഗവൽ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. വൈകാതെ ‘ശ്രീദേവി’ ഭഗവൽ സിങ്ങിന്റെ വിശ്വാസം നേടിയെടുത്തു.

സമ്പദ്സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ ‘ശ്രീദേവി’ വിശ്വസിപ്പിച്ചു. മന്ത്രവാദത്തിന്റെ ഫലങ്ങൾ വിശദീകരിച്ച ശേഷം സിദ്ധന്റേത് എന്ന പേരിൽ മുഹമ്മദ് ഷാഫിയുടെ ഫോൺ നമ്പറും നൽകി. ഇത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജക്ക് വീട്ടിലേക്ക് ക്ഷണിക്കുന്നതും.

 

പൂജക്ക് കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് അറിയിച്ചതോടെ മനുഷ്യനെ ബലി നൽകണമെന്ന് ഷാഫി നിർദേശിച്ചു. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ചുമതലയും ഷാഫിയെ ഏല്പിക്കുകയായിരുന്നു. താനായിരുന്നു ശ്രീദേവിയെന്ന് ഷാഫി ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല.

സിനിമയിൽ അഭിനയിപ്പിക്കാമെന്നും പത്തു ലക്ഷം നൽകാമെന്നുമുള്ള വാഗ്ദാനമാണ് കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്ലിക്കും ഷാഫി നൽകിയത്. വൻ തുകയുടെ ഓഫറിൽ ഇരുവരും വീഴുകയായിരുന്നു. റോസ്ലിയെ കൂട്ടിക്കൊണ്ടു പോയി അന്നുതന്നെ ക്രൂരമായി കൊലപ്പെടുത്തി പൂജ നടത്തി. കൈയും കാലും കെട്ടിയിട്ട് മാറിടം മുറിച്ചു ചോര വാർന്ന ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നെന്ന് ഷാഫി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

റോസ്ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതിരുന്നതോടെയാണ് ഇയാൾ അടുത്ത ഇരയെ തേടുന്നത്. സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഒരു പൂജ കൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നിൽക്കുകയാണെന്നും ഭഗവൽസിങ്ങിനെ വിശ്വസിപ്പിച്ചു. പൂജക്ക് വേണ്ട പണം നൽകുകയും ചെയ്തു. ഇതോടെ പത്മത്തെയും ഷാഫി പണം വാഗ്ദാനം ചെയ്ത് വലയിലാക്കി.

തിരുവല്ലയിൽ എത്തിച്ച ശേഷം ഇവരെയും ക്രൂരമായി കൊലപ്പെടുത്തി. ഇരുവരുടെയും ശരീരത്തിൽ നിന്ന് വാർന്ന രക്തം വീട് മുഴുവൻ തളിച്ചു ശുദ്ധി വരുത്തിയ ശേഷമായിരുന്നു പൂജകൾ. രാത്രി മുഴുവൻ നീളുന്ന പൂജക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.

പത്മത്തെ കാണാതെ വന്നതോടെ മകൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. പ്രതി കൂടുതൽ കൊലപാതകങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ എന്ന വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.