കാല് വേദനയുമായി എത്തിയ രോഗിയോട് അധിക്ഷേപം; ഭാര്യയുടെ വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോകാൻ ഭർത്താവിനോട് പറഞ്ഞ് ഡോക്ടർ

തൃശൂരിൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് അധിക്ഷേപം. കാല് വേദനയുമായി പോയ രോഗിയോട് കുറിപ്പടിയായി എഴുതിയത് വിശ്രമിക്കരുതെന്നും ബാറിൽ പോകാനും. തൃശൂർ ദയാ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം.

ഇന്നലെ രാവിലെയാണ് മമ്മിയൂർ സ്വദേശി ഭാര്യയുമായി ചികിത്സയ്ക്ക് എത്തുന്നത്. വസ്‌കുലാർ സർജറി വിഭാഗത്തിലെ ഡോക്ടർ റോയ് വർഗീസിനെയാണ് കഠിനമായ കാലുവേദനയുമായി ഭാര്യയുമായി ഇയാൾ എത്തിയത്. വേദന സഹിക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ ആദ്യം എക്‌സ് റേ എടുക്കാൻ പറയുകയും റിപ്പോർട്ടുമായി ചെന്നപ്പോൾ ഇത് തനിക്ക് പരിഹരിക്കാൻ പറ്റില്ലെന്നും ഭാര്യയുടെ വേദന സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഭർത്താവിനോട് ബാറിൽ പോകാനുമായിരുന്നു ഡോക്ടറുടെ കുറിപ്പ്.

ഞെരമ്പുകൾക്ക് പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചപ്പോൾ, അതൊന്നും തനിക്ക് അറിയില്ലെന്നും, ബെഡ് റെസ്‌റ്റൊന്നും വേണ്ട ഓടിച്ചാടി നടന്നോ, ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂ എന്നുമാണ് ഡോക്ടർ രോഗിയോടും ഭർത്താവിനോടും പറഞ്ഞത്. രോഗിയോട് മോശമായി സംസാരിക്കുക മാത്രമല്ല ഡോക്ടറുടെ ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു.