അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രിയാ വര്‍ഗീസിന്റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. എങ്കിലും പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയതിനെതിരെ അപ്പീല്‍ നല്‍കില്ല. അതിന് വലിയ പണച്ചെലവുണ്ടാകും. അതിനാല്‍ റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രിയാ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് യുജിസിയോട് വീശദീകരണം തേടിയെന്ന് ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇതുവര അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ല. ഹൈക്കോടതി വിധി അസി. പ്രൊഫസര്‍, അസോ. പ്രാഫസര്‍, പ്രൊഫസര്‍, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ക്ക് ബാധകമാണ്. റാങ്ക് ചെയ്ത എല്ലാവരുടേയും യോഗ്യത പരിശോധിക്കും. പ്രിയാ വര്‍ഗീസിന്റെ യോഗ്യതയും പരിശോധിക്കും. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രിയാ വര്‍ഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ ഗോപിനാഥ് രവീന്ദ്രന്‍.
പ്രിയാ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് യുജിസി മറുപടി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തില്ലായിരുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇത് കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്ന നിയമമല്ല. എല്ലാ സര്‍വകലാശാലകളിലേയും നിയമനം, സ്ഥാനക്കയറ്റം എന്നിവയെ വിധി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.