പൊന്നാനിയിൽ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവം; കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്
ഖനന നടപടികള്‍ അവസാനിപ്പിച്ചു
പൊന്നാനി ഹാര്‍ബറിന് സമീപം കാന നിര്‍മാണത്തിനിടെ അപൂര്‍വ നിര്‍മിതി കണ്ടെത്തിയ സംഭവത്തില്‍ നിര്‍മിതി കെട്ടിടത്തിന്റെ അടിത്തറയെന്ന് പുരാവസ്തു വകുപ്പ്. കര്‍മ്മ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പഴയ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കെട്ടിടത്തിന്റെ ഭാഗത്ത് അഴുക്ക് ചാല്‍ നിര്‍മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുതുന്നതിനിടയിലാണ് ചെങ്കല്ലുകൊണ്ട് നിര്‍മിച്ച അടിത്തറയിലെ കമാനം പുറത്തു കണ്ടത്. തുടര്‍ന്ന് പി. നന്ദകുമാര്‍ എം.എല്‍.എയുടെ പ്രത്യേക നിര്‍ദേശപ്രകാരം കോഴിക്കോട് പഴശിരാജ മ്യൂസിയം ഇന്‍ ചാര്‍ജ് ഓഫീസര്‍ കെ.കൃഷ്ണരാജിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഉദ്യോഗസ്ഥരും, ആറ് തൊഴിലാളികളുമാണ് ഖനനം നടത്തിയത്. ആദ്യഘട്ടത്തില്‍ കസ്റ്റംസ് ഓഫീസ് കെട്ടിടത്തിന്റെ മുന്‍വശത്ത് വലിയ കുഴിയെടുത്ത് കെട്ടിടത്തിന് താഴെ എത്ര ആര്‍ച്ചുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഒരു ആര്‍ച്ചില്‍ മാത്രം പൂര്‍ണമായും പരിശോധന നടത്തിയതില്‍ നിന്നും കമാനങ്ങള്‍ കെട്ടിടത്തിന്റെ അടിത്തറയുടെ ഭാഗമായി നിര്‍മിച്ചതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു മീറ്റര്‍ വീതിയിലും രണ്ടു മീറ്ററിലധികം ആഴത്തിലുമുള്ള അഞ്ച് ആര്‍ച്ചുകളാണ് നിര്‍മിച്ചിട്ടുള്ളത്. എട്ട് ദിവസത്തോളമാണ് ഖനനം നടത്തിയത്. കണ്ടെത്തിയ വിവരങ്ങള്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറും.