‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്‌സിക്കോ; നിർണായക ദിനം

 

ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു.

 

തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ പോളണ്ടും മെക്‌സിക്കോയും ഒരു പോയിന്റുമായി അടുത്ത സ്ഥാനങ്ങളിലുണ്ട്. മൂന്നും ടീമിനും പിറകിൽ ഏറ്റവും ഒടുവിലാണ് അർജന്റീനയുള്ളത്.

 

ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ വിജയം. സാലിഹ് അൽഷഹരിയുടെയും സാലിം അദ്ദൗസരിയുടെയും മികച്ച ഗോളുകളും ഗോൾകീപ്പർ മുഹമ്മദ് ഉവൈസിന്റെ കീപിങ്ങുമാണ് സൗദിയെ വിജയത്തിലേക്ക് നയിച്ചതെങ്കിൽ, ഫ്രീകിക്കിൽ മെസി നേടിയ ഗോൾ മാത്രമായിരുന്നു അർജന്റീനയ്ക്ക് ആശ്വസിക്കാൻ ബാക്കിയാക്കിയത്.

 

അതേസമയം, ടീമിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന വാർത്ത കോച്ച് സ്‌കലോണി നിഷേധിച്ചു. ടീമിന്റെ കളിശൈലിയിൽ യാതൊരു മാറ്റവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെസി ഉൾപ്പെടെ ചില താരങ്ങൾക്ക് പൂർണമായ ഫിറ്റ്‌നസില്ലെന്ന വാർത്തകളും അദ്ദേഹം തള്ളി. മാനസികമായും ശാരീരികമായും തയാറെടുത്ത് ടീം വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.