മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ തീവ്രവാദി പരാമർശം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

മന്ത്രി വി. അബ്ദു റഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രം​ഗത്ത്. ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് താനൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയത്. മന്ത്രി വി അബ്ദുറഹിമാനെ തീവ്രവാദിയെന്ന്‌ വിളിച്ച ഫാദർ തിയോഡോഷ്യസ്‌ ഡിക്രൂസ്‌ മന്ത്രിയുടെ പേരിൽതന്നെ ഒരുതീവ്രവാദിയുണ്ടെന്ന വിവാദ പരാമർശമാണ് നടത്തിയത്.

 

മുല്ലൂരില സമരവേദിക്ക്‌ സമീപം മാധ്യമങ്ങളോട്‌ സംസാരിക്കവോയാണ് അദ്ദേഹം ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. വികസനം മുടക്കുന്നവർ ചില രാജ്യദ്രോഹികളാണെന്ന്‌ മന്ത്രി വിഴിഞ്ഞം സെമിനാറിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു തിയോഡോഷ്യസിന്റെ വിവാദ പ്രതികരണം. ഞായറാഴ്‌ച സമരസമിതി നടത്തിയ വിഴിഞ്ഞം സ്‌റ്റേഷൻ ആക്രമണം സർക്കാരും സർക്കാരിന്റെ ഗുണ്ടകളുമാണ്‌ നടത്തിയതെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചിരുന്നു.

 

ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ്റെ പേരിൽ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു. ളോഹ ധരിച്ചവർ പറയുന്ന തനി വർഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പൻ” നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാർക്ക് വളമായതായാണ് മനസിലാക്കേണ്ടത്.

 

കേരളത്തിൻ്റെ ചരിത്രത്തിൽ ഒരു മത പുരോഹിതനും സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയെ പറയാൻ ധൈര്യപ്പെടാത്ത പരാമർശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായിൽ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസൻസായി തിരുവസ്ത്രത്തെ ആരും കാണരുതെന്ന് കെ ടി ജലീൽ പറഞ്ഞു.

 

പച്ചക്ക് വർഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിർത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാർ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമർശം അദ്ദേഹം പിൻവലിക്കണം. അതല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് കെ ടി ജലീൽ ആവശ്യപ്പെട്ടു.