മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്

 

മത്സ്യവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. നാക്കുപിഴയാണെന്നും വികാര വിക്ഷോഭത്തിൽ സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമർശം സമുദായ ചേരിതിരിവിന് ഇടയാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫിഷറിസ് വകുപ്പ് മന്ത്രി അബ്ദുറഹുമാൻ നടത്തിയ വിഴിഞ്ഞം സമര സമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന

പ്രസ്താവന സ്വാഭാവികമായി എന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ്

അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹുമാൻ എന്ന

പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം നിരുപാധികം പിൻവലിക്കുന്നു.

 

ഒരു നാക്ക് പിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ കൈകോർത്തു പ്രവർത്തിക്കേണ്ട ഈയവസരത്തിൽ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും പുറത്തുവിട്ട വിശ​ദീകരണ കുറിപ്പിൽ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് പറയുന്നു.

 

വർഗീയ പരാമർശത്തിലെ വിവാദം അവസാനിപ്പിക്കണമെന്ന് ലത്തീൻ അതിരൂപതയും ആവശ്യപ്പെട്ടു. ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് ആണ് മന്ത്രി വി.അബ്ദുറഹ്മാനെതിരെ തീവ്രവാദി പരാമർശം നടത്തിയത്. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.