എസ്.എസ്.എം പോളി കാമ്പസില്‍ കലോത്സവത്തിനിടെ തെരഞ്ഞെടുപ്പ് ചൂടും

 

തിരൂര്‍: കാമ്പസിലും പരിസത്തും ജില്ലാ സ്‌കൂള്‍ കലോത്സവം കൊടുമുടിയിലെത്തി നില്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍. കലോത്സവം നടക്കുന്ന പ്രധാന വേദി ഉള്‍പ്പടെ ആറ് വേദികളാണ് പോളിടെക്‌നിക്കിന് പരിസരത്തുള്ളത്. പോളി മാനേജ്‌മെന്റിന്റെ സഹകരണത്തോടെയാണ് ഊട്ടുപുര ഉള്‍പ്പടെ കലോത്സ നഗരിയിലെ പല സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. എന്നാല്‍ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിന് തയ്യാറെടുത്ത് വോട്ട് പിടിത്തത്തിന്റെ തിരക്കിലാണ്. ജില്ലയിലെ അഞ്ച് പോളിടെക്‌നിക്ക് കോളേജുകളിലാണ് ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കലോത്സവത്തിലെ ഈരടികള്‍ അലയടിച്ചുയരുമ്പോള്‍ പോളിയില്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്. പോളി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെയും കലോത്സവ സമാപനത്തിന്റെയും പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച കൂടുതല്‍ സുരക്ഷ ശക്ത്മാക്കിയതായും കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും തിരൂര്‍ ഡിവൈഎസ്പി വിവി ബെന്നി പറഞ്ഞു.