തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം

 

തരൂ‍ർ വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ​ലീ​ഗിൽ വിമർശനം. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത ലീ​ഗ് എംഎൽഎമാരുടെ ​യോ​ഗത്തിലാണ് കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത ചർച്ചയായത്.

 

ശശി തരൂർ – കോൺഗ്രസ് നേതൃത്വ തർക്കത്തിൽ ലീഗിനുള്ള അതൃപ്തി പ്രകടമാക്കുന്നതായിരുന്നു യോ​ഗം. വിവാദം തുടരുന്നത് പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്നും ലീഗ് വിലയിരുത്തി. വിവാദമവസാനിച്ചതിന് പിറകെ കോട്ടയത്തെ പരിപാടി പുതിയ പ്രതിസന്ധി ആയെന്നും ലീഗ് വിലയിരുത്തി.

 

മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും യോ​ഗത്തിൽ വിമർശനമുയർന്നു. തർക്കത്തിൽ ഉടൻ പരിഹാരം വേണമെന്ന് കോൺഗ്രസിനോട് ലീ​ഗ് ആവശ്യപ്പെടും.

 

അതേസമയം, കെ.മുരളീധരന് മറുപടിയുമായി കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് രം​ഗത്തെത്തി. കെ.മുരളീധരൻ നടത്തിയത് അച്ചടക്ക ലംഘനമാണ്. മുരളീധരൻ പറയേണ്ടത് കെപിസിസി നേതൃത്വത്തോടാണ്. എന്നെ വിളിച്ചിട്ടുണ്ടോ എന്ന് കെ.മുരളീധരൻ അറിഞ്ഞോ?.. അത് കെ.മുരളീധരൻ അല്ല തീരുമാനിക്കേണ്ടതെന്നും നാട്ടകം സുരേഷ് പറഞ്ഞു. തരൂർ സന്ദർശനം അറിയിച്ചില്ലെന്ന തെറ്റായ കാര്യമാണ് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചതെന്ന് മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.

 

ശശി തരൂരിന്റെ നടപടിക്കെതിരെ പാർട്ടി നേതൃത്വത്തെ സമീപിക്കും. കെപിസിസി അച്ചടക്ക സമിതിക്കും എഐസിസി അച്ചടക്കസമിതിക്കും പരാതി നൽകും. ഏതു വലിയ നേതാവ് ആണെങ്കിലും പാർട്ടി ചട്ടക്കൂടിൽ ഒതുങ്ങി പ്രവർത്തിക്കണം. ശശി തരൂരിന്റെ ഓഫിസിൽ നിന്ന് വിളിച്ചത് സ്ക്രീൻഷോട്ട് ഉണ്ടാക്കാൻ മാത്രമാണെന്നും നാട്ടകം സുരേഷ് കുറ്റപ്പെടുത്തി.

 

പരിപാടിയെപ്പറ്റി ശശി തരൂരിന്റെ ഓഫിസിൽ നിന്ന് ആരും അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ഈരാറ്റുപേട്ടയിലെ പരിപാടി ഡിസിസി അനുമതിയില്ലാതെയാണ് നടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം പ്രവർത്തകരും പരിപാടിക്ക് എതിരായിരുന്നു. ആർക്കും എന്തുമാകാം എന്ന സാഹചര്യം അനുവദിച്ചു കൊടുക്കില്ല. പാർട്ടിയുമായി യോജിച്ച് പ്രവർത്തിക്കാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കേണ്ടത്. പാർട്ടി നേതൃത്വത്തെ അറിയിക്കാത്ത പരിപാടിയുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, കോട്ടയം തരൂർ സന്ദർശനം പോലുള്ള കാര്യങ്ങളിൽ വിവാദം പാടില്ലെന്ന് മുരളീധരൻ പറഞ്ഞു. തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചത് തെറ്റ്. തിരുവഞ്ചൂരിന്റെ ഇന്നലത്തെ നടപടി ശരിയാണ്. തരൂർ അറിയിച്ചിട്ടാണ് പരിപാടിക്ക് പോയത്. അറിയിച്ചില്ലെങ്കിൽ കൂടി കെപിസിസി അധ്യക്ഷനോട്‌ ആണ് പരാതി പറയേണ്ടത്. മാധ്യമങ്ങളോട് അല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.