നിർത്താത്ത ബസുകാർക്ക് റോഡിലിറങ്ങി മധുരംനൽകി പ്രതിഷേധവുമായി വിദ്യാർഥിനികൾ

സ്റ്റോപ്പിൽ നിർത്താതെ പോവുന്ന ബസുകാർക്ക്‌ മധുരം നൽകി പ്രതിഷേധിച്ച് വിദ്യാർഥികൾ. മാവൂർ മഹ്ളറ ആർട്‌സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥിയൂണിയന്റെ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം.

 

കോളജ് വിട്ടാൽ പിന്നെ വീടെത്താൻ ചില്ലറ പാടല്ല മാവൂർ മഹ്‌ളറ ആർട്‌സ് ആൻറ് സയൻസ് കോളജിലെ വിദ്യാർഥിനികൾക്ക്. കോളജിന് മുന്നിലുള്ള സ്റ്റോപ്പിൽ ബസ് നിർത്തില്ല. പലപ്പോഴും പിന്നാലെ ഓടി ബസ്സ് പിടിക്കണം. തൊട്ടപ്പുറത്തുള്ള സ്റ്റോപ്പിൽ നിന്ന് കയറിയാൽ കൺസഷൻ നൽകില്ല.

 

യാത്രാപ്രശ്നത്തെത്തുടർന്ന് വിദ്യാർഥിനികൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തുടർന്ന് ബസ് സ്റ്റോപ്പിൽ ഹോംഗാർഡിനെ നിയോഗിച്ചിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങളായി ഹോം ഗാർഡിന്റെ സേവനം ഇവിടെ ഇല്ലായിരുന്നു. ഇതോടെ, പല ബസുകളും സ്റ്റോപ്പിൽ നിർത്താതെയായി.

 

തുടർന്നാണ് വിദ്യാർഥിനികൾ വൈകീട്ട് മഹ്ളറ ബസ് സ്റ്റോപ്പ്‌ വഴി വന്ന മുഴുവൻ ബസുകാർക്കും മധുരം നൽകി കൈയടിയോടെ ബസുകളെ വരവേറ്റ്‌ പ്രതിഷേധിച്ചത്‌.