11 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും

മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിക്ക് 80 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും. മഞ്ചേരി സ്വദേശിയായ നൗഫൽ എന്ന മുന്ന (38 ) എന്നയാളെയാണ് മഞ്ചേരി സ്പെഷ്യൽ ഫസ്റ്റ് കോടതി ജഡ്ജി രാജേഷ് 80 വർഷം തടവിനും 3 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്.

2021 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പതിനൊന്ന് വയസുകാരിയായ പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിൽ വച്ചും അടുത്ത വീട്ടിൽ വച്ചും പീഡിപ്പിച്ചതായാണ് കേസ്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട വീട്ടുകാർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് മഞ്ചേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

2021 ജൂൺ മാസത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഈ കേസിലെ പ്രതിയെ കസ്റ്റഡി കാലയളവിൽ തന്നെ വിചാരണ പൂർത്തിയാക്കുന്നതിനായി പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും, പ്രതിയുടെ വിചാരണ കസ്റ്റഡി കാലയളവിൽ തന്നെ പൂർത്തിയാക്കുകയുമായിരുന്നു.

മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായാണ് ഒരു പ്രതിയെ കസ്റ്റഡി കാലയളവിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത്. ഈ കേസിന്റെ അന്വേഷണം മഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന അഭിലാഷ് കെ പി പ്രതിയെ അറസ്റ്റ് ചെയ്തു കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തുകയും തുടർന്ന് സി.ഐ അലവി സി കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. കേസിന്റെ അന്വേഷണത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹരിലാൽ പി അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സോമ സുന്ദരം ഹാജരായി. സൽമ എസ് ,സി പി ഒ ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.