തിരൂരിൽ ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും വരുന്നു; നൂറ് കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തിരൂര്‍: നഗരസഭ ഹൈടെക് ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഓപ്പണ്‍ജിമ്മും നിര്‍മ്മിക്കുന്നു. തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന ഒരു ഏക്കറിലധികം വരുന്ന നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കാനിരിക്കുന്നത്. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനും ഓപ്പണ്‍ ജിമ്മിനും പുറമെ എസ്.സി വിഭാഗത്തിനുള്ള ഫ്‌ളാറ്റും കൊമേഴ്്ഷ്യല്‍ കോംപ്ലക്‌സും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കി വരികയാണെന്നും കൗണ്‍സിലില്‍ വച്ച ശേഷം ഉടന്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ പറഞ്ഞു. എന്നാല്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിക്കുന്നത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം ഒരുക്കാന്‍ തീരുമാനിച്ച സ്ഥലത്താണെന്ന് പ്രതിപക്ഷം.

2017-18 ല്‍ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കാലയളവിലാണ് തുഞ്ചന്‍ പറമ്പിന് സമീപത്ത് നഗരസഭക്ക് സ്വന്തമായുള്ള ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. നൂറോളം കുടുംബങ്ങള്‍ക്ക് വാസ സ്ഥലം ഒരുക്കല്‍, ഇതിനോട് ചേര്‍ന്ന് ഡോര്‍മെറ്ററിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കല്‍, വ്യാപാര സമുച്ചയം, താമസക്കാര്‍ക്ക് വ്യാപാര സമുച്ചയത്തില്‍ ജോലി തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാനായിരുന്നു കഴിഞ്ഞ ഭരണ സമിതി തീരുമാനം. എട്ട് നിലകളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ഫ്‌ളാറ്റ് സമുച്ചയത്തിനും അനുബന്ധ പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ അനുമതിയും പ്രത്യേക സഹായവും ലഭിക്കാന്‍ അംഗീകാരമായിരുന്നു. എന്നാല്‍ നഗരസഭാ ഭരണ മാറ്റം പദ്ധതി നിശ്ചലമാക്കി.

പ്രത്യേകം അനുവദിക്കപ്പെട്ട ലൈഫ് മിഷന്‍ പദ്ധതിക്കു പകരം ഇന്‍ഡോര്‍ സ്‌റ്റേഡിയവും വ്യാപാര സമുച്ചയവും സ്ഥാപിക്കാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുള്ളത്. നഗരസഭ നിര്‍ബന്ധമായും ഒരുക്കേണ്ട പദ്ധതിയായ എസ്.സി പാപ്പിടം ഉള്‍പ്പെടെ പുതിയ സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

അഞ്ഞൂറിലേറെ ഭവന രഹിതരുള്ള നഗരസഭയില്‍ അവര്‍ക്ക് ആശ്വാസമേകുന്ന സമേകുന്ന പദ്ധതിയാണ് എല്‍.ഡി.എഫ് കൊണ്ടുവന്നതെന്നും നല്ല കൊമേഴ്ഷ്യല്‍ വിലയുള്ള ഭൂമി കൊമേഴ്ഷ്യലായി തന്നെ ഉപയോഗിക്കണമെന്ന കാഴ്ചപ്പാട് ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയ്ക്ക് നല്ലതല്ലെന്നും പ്രതിപക്ഷ നേതാവ് അഡ്വ.എസ് ഗിരീഷ് പറഞ്ഞു. എപ്പോഴും ഒരു പ്രാദേശിക ഭരണകൂടം അവനവന്റെ ഭരണ പ്രദേശത്തെ ഏറ്റലും നിര്‍ധനരായ ജന വിഭാഗങ്ങള്‍ക്ക് കൈതാങ്ങാകാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ഗിരീഷ് പറഞ്ഞു.

തിരൂര്‍ നഗരസഭ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ പുതുക്കിപ്പണിയും, പാലങ്ങള്‍ നൂറ് ദിവസത്തിനകം ഗതാഗത യോഗ്യമാക്കും, നഗരത്തിലെ എല്ലാ ഗതാഗതക്കുരുക്കിനും പരിഹാരം കാണാന്‍ സാധിക്കുന്ന മള്‍ട്ടി ലെയര്‍ പാര്‍ക്കിംഗ് സംവിധാനം തുടങ്ങി നിരവധിയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഈ ഭരണ സമിതി അതികാരത്തില്‍ വന്നത്. കൗണ്‍സിലിന്റെ കാലാവധി പകുതിയോടടുക്കുമ്പോഴും കഴിഞ്ഞ ഭരണസമിതി തുടക്കമിട്ട പദ്ധതിയല്ലാതെ പുതിയതായി തുടക്കമിട്ട ഒരു പദ്ധതിയും പൊതുജന സമക്ഷത്തില്‍ കാണിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷനേതാവ് ഗിരീഷ് കുറ്റപ്പെടുത്തി.

നഗരത്തിലെ കണ്ണായ സ്ഥലത്ത് തുഞ്ചന്‍ പറമ്പിനോടു ചേര്‍ന്ന ഭൂമിയില്‍ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കാമെന്നിരിക്കെ രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ വീണ്ടുമൊരു വികസന പദ്ധതികൂടി നഗരത്തിന് നഷ്ടമാകുന്ന സ്ഥിതിയാണ്. ഭരണപക്ഷത്തിന്റെ ഇന്‍ഡോര്‍ സ്‌റ്റേഡിയം പദ്ധതി തുടക്കത്തിലേ പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് ഭരണസമിതിക്ക് തലവേദനയായേക്കും. എതിര്‍പ്പ് മറികടന്ന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങിയാല്‍ തന്നെ കൗണ്‍സില്‍ കാലയളവ് പൂര്‍ത്തിയായെന്നും വരാം.