സുപ്രീം കോടതി കയറി ബിബിസി ഡോക്യുമെന്ററി വിവാദം; വിലക്കിനെതിരെ ഹർജി നൽകി അഭിഭാഷകൻ

 

ഗുജറാത്ത് കലാപം പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യൂമെന്ററിക്ക് ഏർപ്പെടുത്തിയ വിലക്കിന്മേൽ സുപ്രീം കോടതിയിൽ ഹർജി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ് എം എൽ ശർമയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി സുപ്രീം കോടതി പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കൂടാതെ, ഡോക്യുമെന്ററി ലിങ്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയത്തിന്റെ നടപടി റദ്ധാക്കണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അടിയന്തരവസ്ഥ പ്രഖ്യാപിക്കാതെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം നിയന്തിക്കാൻ സർക്കാരിന് കഴിയുമോ എന്ന് പരിശോധിക്കണമെന്ന് ഹർജി ആവശ്യം ഉന്നയിക്കുന്നു.

 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി വിവാദമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെയാണ് കലാപം അരങ്ങേറുന്നത്. അടുത്ത വർഷം ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് ഈ ഡോക്യുമെന്ററി കാരണമാകും എന്നതിനാലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ, അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് ഇടിവുണ്ടാക്കാൻ ഈ ഡോക്യുമെന്ററിക്ക് കാരണമാകും എന്ന് ബിജെപി ക്യാമ്പുകളിൽ ആശങ്കളുണ്ട്. ഇന്ത്യയെ അന്താരാഷ്ത്രത്തലത്തിൽ അവഹേളിക്കുന്നതിനു വേണ്ടിയുള്ള ആസൂത്രിതമായ നീക്കമാണ് ഈ ഡോക്യൂമെന്ററിയ്ക്ക് പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു.

 

എന്നാൽ, ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയ ഗുജറാത്ത് കലാപം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യൻ സർക്കാരിനോട് പ്രതികരണം തേടിയിരുന്നു എന്ന് വിവാദത്തിൽ ബിബിസി വ്യക്തമാക്കി. എന്നാൽ, സർക്കാരിൽ നിന്ന് യാതൊരുവിധ പ്രതികരണങ്ങളും ലഭിച്ചില്ല എന്നും അവർ സൂചിപ്പിച്ചു.