ബജറ്റിലെ നികുതി വർധന; നിയമസഭക്ക് അകത്തും പുറത്തും പ്രതിഷധം ശക്തമാക്കാൻ പ്രതിപക്ഷം
കേരളം സർക്കാർ മുന്നോട്ട് വെച്ച 2023ലെ സംസ്ഥാന ബജറ്റിലെ നികുതി വർധനക്ക് എതിരെ പ്രതിഷേധം കടുപ്പിക്കാനുറപ്പിച്ച പ്രതിപക്ഷം. ഇന്ധന സെസ്സ് പഴയപടിയാക്കുന്നത് വരെ സമരങ്ങൾ ശക്തമാക്കാനാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. ഇന്നലെ നിയമസഭ നടപടികൾ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു. തുടർന്ന്, സബ്മിഷനു ശേഷം സത്യഗ്രഹ സമരവും പ്രഖ്യാപിച്ചു. നിയമസഭ കവാടത്തിന് മുന്നിൽ ഇപ്പോഴും നാല് എംഎൽഎമാരുടെ സത്യാഗ്രഹ സമരം തുടരുകയാണ്.
നിയമസഭക്ക് പുറത്ത് രാപകൽ സമരം ഉൾപ്പെടെയുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകാൻ യുഡിഎഫിൽ തീരുമാനങ്ങളുണ്ട്. നികുതി വർദ്ധനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത അന്തരീക്ഷം സർക്കാർ ഉണ്ടാക്കിയെടുത്തു എന്ന വിഷയത്തിൽ പൊതുജന പ്രക്ഷോഭം വളർത്തിയെടുക്കുക എന്നതാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ. അതിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാർച്ചുകൾ സംഘടിപ്പിക്കും. പ്രതിപക്ഷത്തെ കൂടാതെ ബിജെപിയും ഇന്ന് ശക്തമായി പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് തീരുമാനം. യുവമോർച്ച ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.
എന്നാൽ നികുതി വർധനവിൽ ഉറച്ചു നിൽക്കുകയാണ് സർക്കാരും ധനമന്ത്രിയും. കേരളത്തിൽ യുഡിഎഫിന്റെ ഭരണകാലത്ത് ഇന്ധന സെസ്സ് എത്രത്തോളം കൂട്ടിയിട്ടുണ്ടെന്ന് കാണിച്ച് ധനമന്ത്രി രംഗത്തെത്തി.