ഇന്ധന സെസ് വര്‍ധന; രാപ്പകല്‍ സമരത്തിനൊരുങ്ങി പ്രതിപക്ഷം

സംസ്ഥാന സര്‍ക്കാരിന്റെ ഇന്ധന സെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ രാപ്പകല്‍ സമരം നടത്താനാണ് തീരുമാനം. ജനങ്ങളെ കൊള്ളയടിക്കുന്ന നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരായി നാല് എംഎംല്‍എമാര്‍ നാലാമത്തെ ദിവസവും സത്യാഗ്രഹവുമായി മുന്നോട്ടുപോകുകയാണ്. ഇന്നലെ ധനമന്ത്രി, സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു’. വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

 

ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭയിലേക്ക് എംഎല്‍എമാര്‍ കാല്‍നടയായി നടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ‘നികുതിക്കൊള്ള, പിടിച്ചുപറി, പോക്കറ്റടി’ എന്നെഴുതിയ കറുത്ത ബാനറും പിടിച്ചായിരുന്നു നടത്തം.

 

വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ലെന്നാണ് ബജറ്റ് ചര്‍ച്ചയില്‍ മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. ഇതോടെ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.