മലപ്പുറം ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

ജില്ലയിലെ ചരിത്രപ്രധാനമായ ഇടങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജനപ്രതിനിധികളുമായി ചേര്‍ന്ന് കൂട്ടായ ശ്രമം നടത്തുമെന്ന് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല, ചരിത്ര പ്രധാനമായ ഇടങ്ങളും ഓര്‍മകളും ഉയര്‍ത്തിക്കൊണ്ടു വന്ന് വര്‍ത്തമാന കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുക എന്നതാണ് ടൂറിസം വകുപ്പ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  തിരൂര്‍ താഴെപാലത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതുതായി നിര്‍മ്മിച്ച താഴെപാലം സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വികസന പ്രവര്‍ത്തനങ്ങളോട് നല്ല സമീപനമാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. ദേശീയപാത 66 ന് സ്ഥലമേറ്റെടുക്കുന്നതിനായി 5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. 2025 ഓടു കൂടി ഇവിടെ നാലു വരിപ്പാത യാഥാര്‍ഥ്യമാകും. തിരൂര്‍ ടൗണ്‍ റെയില്‍ ഓവര്‍ ബ്രിഡ്ജ് വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കും.  ഇതിനായി പ്രത്യേകം മോണിട്ടറിങ് നടത്തും. പൊന്മുണ്ടം – പൊലീസ് ലൈന്‍ ബൈപ്പാസ് റോഡില്‍ അപ്രോച്ച് പാലം നിര്‍മിച്ച് എത്രയും പെട്ടെന്ന് പാത പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി. റിജോ റിന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  തിരൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ.പി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ധീന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സലാം മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ അബൂബക്കര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ. ഹംസക്കുട്ടി (സി.പി.ഐ.എം), അഡ്വ. പത്മകുമാര്‍ (ഐ.എന്‍.സി), വെട്ടം ആലിക്കോയ (ഐ.യു.എം.എല്‍), അഡ്വ. ഹംസ (സി.പി.ഐ), രാജു ചാക്കോ (കേരളാ കോണ്‍ഗ്രസ്), പിന്‍പുറത്ത് ശ്രീനിവാസന്‍ (ജനതാദള്‍), രമാ ഷാജി (ബി.ജെ.പി), തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.എ ബാവ, വ്യാപാരി സമിതി ഏരിയ കമ്മിറ്റി പ്രസിഡന്റ് ജലീല്‍ മയൂര എന്നിവര്‍ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് ഉത്തരമേഖലാ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ രാമകൃഷ്ണന്‍ പിലാശ്ശേരി നന്ദിയും പറഞ്ഞു.