105-ാം വാർഷികത്തിന് 105 പേരുടെ രക്തം ദാനം ചെയ്യാൻ ഒരു പൊതുവിദ്യാലയം

മലപ്പുറം: സ്കൂളുകൾ വാർഷികങ്ങളുടെ തിരക്കിലാണ്. ഘോഷയാത്രയും കലാപരിപാടികളും സ്റ്റേജ് ഷോകളുമായി ആഘോഷങ്ങൾ പൊടി പാറുമ്പോൾ വേറിട്ട വാർഷികാഘോഷം ഒരുക്കുകയാണ് മലപ്പുറത്തെ ഒരു പൊതുവിദ്യാലയം. തിരൂർ മംഗലം ചേന്നരയിലെ വി.വി.യു.പി സ്കൂൾ നൂറ്റിയഞ്ചാം വാർഷികത്തിൽ 105 പേരുടെ രക്തദാനം സംഘടിപ്പിച്ചാണ് മാതൃകയാകുന്നത്. തിരൂർ ജില്ലാ ആശുപത്രി രക്തബാങ്കുമായി ചേർന്ന് മാർച്ച് രണ്ടിന് രാവിലെ 10 മണി മുതൽ സ്കൂളിലാണ് ക്യാമ്പ്. രക്ഷിതാക്കൾ, അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കാളികളാകും.
മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയാണ് വാർഷികാഘോഷ പരിപാടികൾ. ഒന്നിന് ഘോഷയാത്ര, തിരൂർ ഫയർഫോഴ്സുമായി ചേർന്നുള്ള ജീവൻ രക്ഷാ പരിശീലന ക്യാമ്പ് , പ്രദേശവാസികളുടെ കലാവിരുന്ന് എന്നിവ നടക്കും. രണ്ടിന് വാർഷികം ഉദ്ഘാടനം, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്വർണ്ണപ്പതക്കം നൽകി ആദരിക്കൽ എന്നിവയാണ് പരിപാടികൾ. മൂന്നിന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകും.