ലക്ഷദ്വീപ് എംപിയെ വിടാതെ ഇ ഡി; മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യും

ലക്ഷദ്വീപ് മത്സ്യക്കയറ്റുമതി ക്രമക്കേടില്‍ എം.പി പി പി മുഹമ്മദ് ഫൈസലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ് നീക്കം. ഇന്നലെ എറണാകുളം ഇ ഡി ഓഫീസില്‍ ഹാജരായ മുഹമ്മദ് ഫൈസല്‍ തന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഇ ഡി തീരുമാനം.

 

വധശ്രമക്കേസില്‍ ജയില്‍ മോചിതനായിട്ടും മുഹമ്മദ് ഫൈസലിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിടുന്ന മട്ടില്ല. ഇത്തവണ ലക്ഷദ്വീപിലെ ചൂര മത്സ്യക്കയറ്റുമതിയുമായി ബന്ധപ്പെട്ടണ് ഇ ഡി യുടെ നീക്കം. കയറ്റുമതിയില്‍ അഴിമതിയുണ്ടെന്നും, എം പി ക്ക് സാമ്പത്തിക ഇടപാടില്‍ പങ്കുണ്ടോയെന്നുമാണ് ഇ ഡി പരിശോധിക്കുന്നത്.

ഇന്നലെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയ മുഹമ്മദ് ഫൈസലിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ഫിഷ് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് മത്സ്യക്കയറ്റുമതി നടത്തിയതെയെന്നും അതില്‍ തനിക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഭാരവാഹിത്തമില്ലെന്നും മുഹമ്മദ് ഫൈസല്‍ എം പി ഇ ഡി മുന്‍പാകെ മൊഴി നല്‍കി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ച ശേഷം വ്യക്തത വരുത്തി വീണ്ടും ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കും.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലിന്റ മറ്റൊരു മുഖമാണ് ഇ ഡി ചോദ്യം ചെയ്യലിന് പിന്നിലെന്ന് മുഹമ്മദ് ഫൈസല്‍ എം പി പ്രതികരിച്ചു.