സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും
സി.പി.എം ജനകീയ പ്രതിരോധ ജാഥയിൽ വാക്കേറ്റവും കൈയാങ്കളിയും.സി പി ഐ എം വെട്ടം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച
ജനകീയ പ്രതിരോധ ജാഥക്കിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം, ആശാൻപടിയിൽ നിന്നും തുടങ്ങിയ ജാഥ വാക്കാട് എത്തിയപ്പോൾ ഒരു കൂട്ടം പ്രവർത്തകർ ജാഥ തടഞ്ഞു നിർത്തി പ്രതിഷേധിക്കുകയായിരുന്നു. തങ്ങളുടെ ബ്രാഞ്ച് കമ്മിറ്റിയിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിച്ചില്ലെന്നും ഒരു വിഭാഗം പ്രവർത്തകരെ ജാഥ അറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. എന്നാൽ ഇത് വാക്കേറ്റത്തിലും കൈയാങ്കളിയിലേക്കും എത്തുകയായിരുന്നു.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ.യു സൈനുദ്ദീൻ ,കൊടക്കാട് ബഷീർ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു തമ്മിലടി. വിഷയം രൂക്ഷമായതോടെ നേതാക്കൾ ഇടപെട്ട് ജാഥക്ക് വഴിയൊരുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ പ്രവർത്തകർ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനവുമായെത്തി. കഴിഞ്ഞ ഏതാനും വർഷങ്ങളായി നില നിൽക്കുന്ന പ്രദേശികമായ പാർട്ടി പ്രശ്നം നേതൃത്വം പരിഹരിക്കാതെ വഷളാക്കുകയാണെന്നും. ജാഥയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും അറിയിക്കാത്തതിനാലുമാണ് ഇത്തരം പ്രതിഷേധം നടത്തേണ്ടി വന്നതെന്ന് പ്രവർത്തകർ സിറ്റി സ്കാൻ ന്യൂസിനോട് പറഞ്ഞു.കഴിഞ്ഞ സി പി ഐ എം വാക്കാട് ബ്രാഞ്ച് സമ്മേളനത്തിനിടെയും പ്രവർത്തകർ തമ്മിൽ വക്കേറ്റവും കൈയാങ്കളിയുമുണ്ടായിരുന്നു.