നെടുമ്പാശേരി ഹെലികോപ്റ്റര്‍ അപകടം; വിമാനം വഴിതിരിച്ചുവിട്ടു; 2 മണിക്കൂര്‍ സര്‍വീസുകള്‍ തടസപ്പെടുമെന്ന് സിയാല്‍

നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിട്ടു. മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഒമാന്‍ എയര്‍ തിരുവനന്തപുരത്തേക്കാണ് തിരിച്ചുവിട്ടത്. മൗലിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടു.
ഹെലികോപ്റ്റര്‍ തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാന സര്‍വീസുകള്‍ തടസപ്പെടുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു. റണ്‍വേയില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്റര്‍ നീക്കിയ ശേഷമാകും റണ്‍വേ തുറക്കുക.

ALH ധ്രുവ് മാര്‍ക്ക് 3 എന്ന കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററാണ് തകര്‍ന്നത്. പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ സുനില്‍ ലോട്‌ലയ്ക്ക് പരുക്കേറ്റു. മൂന്ന് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായത്. കോസ്റ്റ്ഗാര്‍ഡ് ഹാങ്ങറില്‍ നിന്ന് റണ്‍വേയിലെത്തി പറന്നുയരാന്‍ തുടങ്ങുമ്പോഴാണ് അപകടം.